കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. പുതിയ മോഡല്‍ ആയതിനാല്‍ ഫോണ്‍ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കൊറിയന്‍ ഭാഷ പഠിക്കാന്‍ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയന്‍ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു. എന്നാല്‍ കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയന്‍ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. പെണ്‍കുട്ടിയുടെ ഫോണിന്റെ പ്രാഥമിക പരിശോധനയിലും കൊറിയന്‍ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ദുരൂഹത തുടരുന്നു
അതേസമയം, പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുകയാണ്. മകളുടെ ആത്മഹത്യക്ക് പിന്നില്‍ കൊറിയന്‍ ബന്ധമില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന് മഹേഷും പറയുന്നത്. കൊറിയന്‍ സുഹൃത്തെന്ന പേരില്‍ ആരോ മകളെ കബളിപ്പിച്ചതാണെന്നും ഇതിന്റെ ദുരൂഹത നീക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
അച്ഛന്റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊറിയന്‍ ഭാഷയും സംഗീതവും ആദിത്യയ്ക്ക് ഇഷ്ടമായിരുന്നു. ഭാഷ പഠിക്കാനും തുടങ്ങിയിരുന്നു. പഠനം പൂര്‍ത്തിയാക്കി കൊറിയയില്‍ ജോലി ചെയ്യണമെന്ന് അവള് പറഞ്ഞിരുന്നു. മറ്റൊന്നും കുടുംബത്തിന് അറിയില്ല. മകളുടെ ഈ ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാവാം. അല്ലെങ്കില്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കി മനം നൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പിതാവ് പറയുന്നത്.
ബ്ലാക്ക് വെനം പേജിലും അന്വേഷണം
അതിനിടെ ആദിത്യ പിന്തുടര്ന്നിരുന്ന ഇന്‍സ്റ്റ പേജ് ബ്ലാക്ക് വെനം എന്ന പേജ് പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പലരും അണ്‍ഫോളോ ചെയ്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നിരവധിപേര്‍ പിന്തുടര്ന്നിരുന്ന പേജാണിത്.
കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന് വെടിയുന്നു എന്ന് കുറിപ്പെഴുതിവെച്ചാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ജീവനൊടുക്കിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. സ്കൂള്‍ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയില്‍ വച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഇവ പരിശോധിച്ചപ്പോഴാണ് നാലുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുക്കുന്നത്.
