ന്യൂയോർക്ക്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാര യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തി. ആറു പതിറ്റാണ്ടിനു ശേഷമാണ് സിറിയൻ ഭരണാധികാരി യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നത്. 1967ലെ പ്രസിഡന്റ് നൂറെദ്ദീൻ അൽ അത്താസി ആയിരുന്നു ഇതിനു മുന്പത്തെയാൾ.
അഹമ്മദ് അൽ ഷാര അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെയും കാണുന്നുണ്ട്. വർഷങ്ങൾ നീണ്ട അഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയെ പുനരുദ്ധരിക്കാൻ അമേരിക്കൻ ഉപരോധങ്ങൾ പൂർണമായി പിൻവലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കോൺഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തും.
യുഎസ് പ്രസിഡന്റ് ട്രംപ് മേയിൽ സൗദിയിൽവച്ച് അൽ ഷാരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ സിറിയയ്ക്കെതിരായ പല ഉപരോധങ്ങളും ട്രംപ് പിൻവലിച്ചു. എന്നാൽ കടുപ്പമേറിയ ഉപരോധങ്ങളിൽ പലതും യുഎസ് കോൺഗ്രസ് ചുമത്തിയതാണ്. ഇത് പിൻവലിക്കാൻ കോൺഗ്രസിനേ അധികാരമുള്ളൂ. ഇസ്രയേൽ -സിറിയ ബന്ധം മെച്ചപ്പെടുത്തുന്നതും ഷാരയുടെ യുഎസ് സന്ദർശനത്തിൽ ചർച്ചയാകും.