കൊല്ലം: യുഎഇ ആസ്ഥാനമായ നിക്ഷേപകരുടെ പിന്തുണയോടെയുള്ള വിമാന സർവീസായ എയർ കേരളയ്ക്ക് ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) കോഡ് ലഭിച്ചു.കെഡി എന്ന രണ്ടക്ഷര കോഡാണ് ലഭിച്ചതെന്ന് കമ്പനിയുടെ വക്താക്കൾ വ്യക്തമായി. ജൂൺ അവസാനത്തോടെ പറന്നുയരാൻ ലക്ഷ്യമിടുന്ന എയർ കേരളയെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന ചുവടുവയ്പ്പാണ്.
എയർ കേരളയ്ക്ക് ഇനി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കേണ്ടതുണ്ട്. അത് കൂടി നേടിക്കഴിഞ്ഞാൽ കെഡി എന്ന കോഡ് അന്തിമമാക്കും. കെഡി എന്ന രണ്ടക്ഷരത്തിന് പ്രത്യേക അർഥമുണ്ട് എന്നാണ് കമ്പനി സ്ഥാപകൻ മലയാളി കൂടിയായ അഫി മുഹമ്മദ് നൽകുന്ന വിശദീകരണം.
കേരളം സ്വപ്നം കാണുന്നത് (കേരള ഡ്രീംസ് ) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തിൽ നിന്ന് ദുബായിലേക്ക് അല്ലെങ്കിൽ കേരളത്തിൽ ദോഹയിയിലേക്ക് എന്നും അർത്ഥമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എയർ കേരള ഇതിനകം 69 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പൈലറ്റുമാർ, കാബിൻ ക്രൂ എന്നിവരുടെ പരിശീലനം ഇന്ത്യയിൽ തന്നെ നടന്നുവരികയാണ്. ഉദ്ഘാടന വിമാനം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ നിന്നായിരിക്കും പുറപ്പെടുക. എവിടേക്കായിരിക്കും ആദ്യ സർവീസ് എന്ന കാര്യത്തിൽ കമ്പനി അന്തിമ തീരുമാനം എടുത്തിട്ടില്ല.
എന്നാൽ ഉദ്ഘാടന വിമാനത്തിൽ വിശിഷ്ട അതിഥികൾക്ക് ഒപ്പം ചേരാൻ മൂന്ന് ഭാഗ്യശാലികൾക്ക് അവസരം നൽകുന്ന ഒരു പ്രത്യേക മത്സരവും എയർ കേരള പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണനിലവാരം, വിശ്വാസ്യത, സമയനിഷ്ട എന്നിവയിൽ വിട്ടുവീഴ്ച ഇല്ലാത്ത വളരെ കുറഞ്ഞ നിരക്കിലുള്ള എയർ ലൈൻ എന്നാണ് എയർ കേരള സ്വയം നിർവചിക്കുന്നത്.
രാജ്യത്തെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് കമ്പനി നേരത്തേ തന്നെ നേടിയിട്ടുണ്ട്.ഇത് ടു ടയർ, ത്രീ ടയർ നഗരങ്ങളെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിന് എയർ കേരളയെ സജ്ജമാക്കി കഴിഞ്ഞു.
- എസ്.ആർ. സുധീർ കുമാർ