നെടുന്പാശേരി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737-800 വിമാനം നെടുന്പാശേരി അന്താരാഷ് ട്ര വിമാനത്താവളത്തിൽ ഓടയിൽ വീണു. വിമാനത്തിനു വേഗത കുറഞ്ഞിരുന്നതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്. യാത്രക്കാർ എല്ലാം സുരക്ഷിതരാണ്.
റണ്‍വേയിൽ നിന്നും ടാക്സി ട്രാക്കിലേക്ക് കയറിയ വിമാനം പാർക്ക് ചെയ്യേണ്ട ബേയിലേക്ക് തിരിക്കുന്നതിനിടയിലാണ് മുൻവശത്തെ ചക്രങ്ങൾ ഓടയിലേക്ക് കൂപ്പുകുത്തിയത്. പൈലറ്റ് വഴിതെറ്റിച്ച് വിമാനം തിരിച്ചതിനാലാണ് അപകടം ഉണ്ടായത്. പുലർച്ചെ വൻകാറ്റും മഴയും മൂലം കാഴ്ചക്കുറവ് ഉണ്ടായിരുന്നതിനാലാണ് കൈപ്പിഴ സംഭവിച്ചതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പുലർച്ചെ 2.40ന് അബുദാബിയിൽ നിന്നും നെടുന്പാശേരിയിൽ എത്തിയ ഐഎക്സ് 452-ാം നന്പർ ഫ്ളൈറ്റാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 102 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം റണ്‍വേയിൽ നിന്നും വേഗത കുറച്ച് ടാക്സി ട്രാക്കിൽ കയറി അല്പം ഓടിയശേഷമാണ് പാർക്കിംഗ് ബേയിലേക്ക് കയറ്റുന്നത്. വേഗതയുണ്ടായിരുന്നെങ്കിൽ വൻദുരന്തം സംഭവിക്കാവുന്ന അപകടമാണിത്.
തിരുവോണത്തിനു നാട്ടിലേക്കു വരാൻ ടിക്കറ്റ് കിട്ടാത്തതിനാൽ ഒരു ദിവസം വൈകി എത്തിയവരായിരുന്നു യാത്രക്കാരിൽ അധികവും. വേഗത കുറച്ചപ്പോൾ തന്നെ യാത്രക്കാർ എത്രയും വേഗം പുറത്തിറങ്ങുന്നതിനു തിക്കും തിരക്കും കൂട്ടിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടയിൽ രണ്ടുപേർക്കു നിസാര പരിക്കുണ്ടായി. ഇവരെ എയർപോർട്ടിൽ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു. വിമാനം ഓടയിൽനിന്നും കയറ്റാതിരുന്നതിനാൽ നല്ലൊരു ശതമാനം യാത്രക്കാരുടെ ലഗേജുകൾ ഇറക്കാൻ കഴിഞ്ഞില്ല. ഇവർ ലഗേജില്ലാതെയാണ് വീട്ടിലേക്ക് പോയത്. ഇവരുടെ ലഗേജുകൾ വിമാനക്കന്പനി സ്വന്തം ചെലവിൽ അവരവരുടെ വസതികളിൽ എത്തിച്ചു കൊടുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ എബി ജോർജ് പറഞ്ഞു.