തിരുവനന്തപുരം: വെഞ്ഞാറമുട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. ഇന്ന് രാവിലെ മുതൽ തെളിവെടുപ്പ് ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ബാഗ് വാങ്ങിയ കടയിലും ആദ്യം തെളിവെടുപ്പ് നടത്തി.
പിന്നീട് ഇയാൾ കൊലപ്പെടുത്തിയ മുത്തശി സൽമബീവിയുടെ സ്വർണമാല പണയം വച്ച് പണം വാങ്ങിയ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. യാതൊരു ഭാവവ്യത്യാസവും കൂസലുമില്ലാത്ത വിധത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു ഇന്നലെയും ഇന്നും തെളിവെടുപ്പ് നടന്നത്.
സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസാണ് പ്രതിയെ തെളിവെടുപ്പിനായി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങിയത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഇന്ന് വൈകുന്നേരത്തോടെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
അടുത്ത ദിവസം മറ്റ് നാല് കൊലക്കേസുകളിലെ തെളിവെടുപ്പിനായി അന്വേഷണ സംഘം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.അതേ സമയം ഇന്നലെ രാത്രി അഫാനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തോട് കൊലനടത്തിയ രീതികളെക്കുറിച്ച് കുടുതൽ വ്യക്തമായി കാര്യങ്ങൾ വിവരിച്ചു.
സംഭവ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മാതാവ് ഷെമിയെ ആക്രമിച്ചതെന്നാണ് അഫാന്റെ മൊഴി. മാതാവിന്റെ കഴുത്തിൽ ഷാളിട്ട് മുറുക്കി. മരിച്ചെന്ന് കരുതി വീട് പൂട്ടി പുറത്തേക്ക് പോയി. അതിന് ശേഷം ചുറ്റിക വാങ്ങിയ ശേഷം പാങ്ങോട്ടുള്ള മുത്തശി സൽമാബീവിയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തി.
പിന്നീട് വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തി മാതാവിന്റെ മുറി തുറന്ന് നോക്കിയപ്പോൾ നിലത്ത് കിടന്ന് കരയുന്നത് കണ്ടു. തുടർന്ന് ചുറ്റിക കൊണ്ട് മാതാവിനെ തലയ്ക്കടിച്ചുവെന്നും അഫാൻ വെളിപ്പെടുത്തുകയായിരുന്നു.
പ്രതിയുമായി ഇന്നലെയും ഇന്നും പോലീസ് നടത്തുന്ന തെളിവെടുപ്പ് കാണാൻ നാട്ടുകാരും അഫാന്റെ ബന്ധുക്കളും എത്തിയിരുന്നു. എന്നാൽ പ്രതിക്കെതിരെ ആരും പ്രതിഷേധവുമായി രംഗത്ത് വന്നില്ല.