പണം വകയിരുത്തിയിട്ട് നാലു വര്‍ഷം; അമ്പലപ്പുഴആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍; മനപൂര്‍വമായ കാലതാമസമെന്ന് നാട്ടുകാർ

അമ്പലപ്പുഴ: ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്ത് 20 കിടക്കകളോടെ ആശുപത്രിയായി മാറ്റുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുക അനുവദിച്ച് നാലു വര്‍ഷം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പരിധിയില്‍ കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറിയാണ് ആയൂര്‍വേദ ആശുപത്രിയാക്കാന്‍ പണം അനുവദിച്ച് കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയിലായിരിക്കുന്നത്.

നിലവില്‍ ഡിസ്‌പെന്‍സറിയില്‍ ദിവസേന നിരവധി രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ഡിസ്‌പെന്‍സറിയോട് ചേര്‍ന്ന് രണ്ടു നിലകളിലായി 20 കിടക്കകളോടുകൂടിയ ആശുപത്രി നിര്‍മിക്കാനായി പഞ്ചായത്ത് 50 സെന്റ് അനുവദിക്കുകയായിരുന്നു. കെട്ടിടം നിര്‍മിക്കുന്നതിനായി 2014ല്‍ വയലാര്‍ രവിയുടെ എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചു.

അടിത്തറ കെട്ടിതീര്‍ന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ എത്തി മണ്ണുപരിശോധനകള്‍ നടത്തിയത്. ഇവിടെ അഞ്ച് മീറ്റര്‍ ആഴത്തില്‍ ചെളിയാണെന്നു കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ ഉറപ്പുള്ള അടിത്തറ വേണമെന്നും ഇതിനായി കൂടുതല്‍ ഫണ്ടുവേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.വീണ്ടും 2015ല്‍ 15 ലക്ഷവും, 2017ല്‍ 6,95000 രൂപയും അനുവദിച്ചു. അടിത്തറയില്‍ വന്ന മാറ്റത്തിനാണ് 6,95000 രൂപ അധികമായി അനുവദിച്ചത്.

ഇതു വരെയായും താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ണമായി തീര്‍ന്നിട്ടില്ല. വയറിംഗും, ടൈല്‍സ് പാകലും, അറ്റകുറ്റപണികളും ബാക്കിയാണ്. ഒന്നാം നില പണിയുന്നതിനുള്ള എസ്റ്റിമേറ്റും, പ്ലാനും ഇതുവരെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുമില്ല.

മനപൂര്‍വമായ കാലതാമസമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പദ്ധതി നീണ്ടുപോകും തോറും അധികച്ചിലവും വരുമെന്നാണ് ഇവര്‍ പറയുന്നത്. ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ആശുപത്രിയോടുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ് പ്രദേശവാസികള്‍.

നിലവിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി പരിസരമാകട്ടെ കാടുകയറി ഇഴജന്തുക്കളുടെ വിഹാര രംഗമായി മാറിയിരിക്കുകയാണ്. ഇഴജന്തുക്കളെ ഭയന്നാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഡോക്ടര്‍ ഉള്‍പ്പടെ നാലു ജീവനക്കാരാണ് ഇപ്പോഴുള്ളത്.

Related posts