അമിത് ഷാ മന്ത്രി സഭയിലേക്ക് ! വിദേശകാര്യമോ ധനകാര്യമോ നല്‍കാന്‍ സാധ്യത; ജെപി നദ്ദ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായേക്കും…

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നാണ് സൂചന. അരുണ്‍ ജെയ്റ്റ്‌ലി ഒഴിവായ സാഹചര്യത്തില്‍ ധനകാര്യമോ വിദേശകാര്യമോ അമിത് ഷായ്ക്കു നല്‍കിയേക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്നു വൈകിട്ട് എത്തണമെന്ന് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെല്ലാം അമിത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുഷമ സ്വരാജ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി,സദാനന്ദ ഗൗഡ തുടങ്ങിയവരും മന്ത്രി സഭയില്‍ അംഗമാവും. 2014ല്‍ ബിജെപി അധ്യക്ഷ പദവിയിലെത്തിയ അമിത് ഷാ ആ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലേറുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ്.

പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും അമിത് ഷായുടെ തലയായിരുന്നു. 2019ലെ ലോക്‌സഭാ ഇലക്ഷനില്‍ വിജയിച്ച് എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയപ്പോഴും കണ്ടത് അമിത്ഷായുടെ തന്ത്രങ്ങള്‍ വിജയിക്കുന്നതായിരുന്നു. അമിത് ഷാ മന്ത്രി സഭയിലെത്തുന്നതോടെ മോദി-അമിത് ഷാ ദ്വയത്തിന് കൂടുതല്‍ കരുത്തു വരികയാണ്. ജെ പി നദ്ദയെയാണ് ബിജെപി ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related posts