അപകടം നടന്ന സ്ഥലത്തുനിന്ന് സെല്‍ഫിയും വീഡിയോയും എടുക്കാന്‍ മത്സരിക്കുന്ന പുതു തലമുറ മാതൃകയാക്കണം ഈ പതിനാറുകാരനെ! അനസ് എന്ന കൗമാരക്കാരന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തിക്ക് കയ്യടിച്ച് ലോകം

ഇന്നത്തെ ചെറുപ്പക്കാരെക്കുറിച്ച് പൊതുവേ പറയുന്ന ഒരു കാര്യമാണ്, പഴയ മനുഷ്യരെ അപേക്ഷിച്ച് അവര്‍ക്ക് കരുണ, അനുകമ്പ, മനസാക്ഷി പോലുള്ള ഗുണങ്ങളൊന്നുമില്ലെന്നത്. കണ്‍മുന്നില്‍ ഒരാള്‍ മരിക്കാന്‍ കിടന്നാല്‍ പോലും സെല്‍ഫിയോ വീഡിയോയോ എടുത്ത് രസിക്കാനേ അവര്‍ തയാറാവുകയുള്ളൂ എന്ന തരത്തിലും പുതു തലമുറയ്‌ക്കെതിരെ ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ ഇതിന് എതിര്‍സാക്ഷ്യമാവുകയാണ് അനസ് എന്ന പതിനാറുകാരന്റെ പ്രവര്‍ത്തി.

ഇന്നത്തെ യുവതലമുറക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തത്തില്‍ മാതൃകയാണ് അനസ് ഇന്ന്. പാലൂര്‍ സ്‌കൂളില്‍ പത്താം ക്ലാസ്സിന്‍ പഠിക്കുന്ന അനസ് കഴിഞ്ഞ ഇരുപത്തി മൂന്നാം തീയ്യതി കൊപ്പത്ത് ട്യൂഷന്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് കൊപ്പം സെന്ററില്‍ നടന്നു പോകുകയായിരുന്ന ഒരാള്‍ക്ക് ടിപ്പര്‍ ലോറി തട്ടി അപകടം നടന്നത്.

ആളുകള്‍ കൂടി നിന്നിരുന്ന സ്ഥലത്ത് അപകടത്തില്‍ പരിക്കുപറ്റിയ ആള്‍ രക്തം വാര്‍ന്ന് കിടക്കുന്നതും കൂടി നിന്ന ആളുകള്‍ ഫോട്ടോ എടുക്കാന്‍ മത്സരിക്കുന്നതും ആണ് അവിടെ അനസ് ആദ്യം കണ്ടത്. ആദ്യത്തെ അമ്പരപ്പിനു ശേഷം പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഓട്ടോറിക്ഷക്കാരോടും മറ്റു വാഹനക്കാരോടും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല.

പരിക്കേറ്റയാളെയും പിടിച്ച് അതു വഴി വന്ന ഓട്ടോറിക്ഷക്കു മുന്നില്‍ നിന്ന് തടയുകയും അതിലുള്ള ആളെ ഇറക്കി നിര്‍ത്തി കൊപ്പം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അവിടെ അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ അവിടത്തെ ആംബുലന്‍സില്‍ സേവന ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയില്‍ പരിക്കുപറ്റിയ ആള്‍ മരണമടഞ്ഞു.

ആരാണ് എന്താണ് ഒന്നും അറിയാതെ പൊതുനിരത്തില്‍ ഒരു അപകടം കണ്ട് മുതിര്‍ന്നവരും അറിവുള്ളവരും ഒരുപാട് കൂടിയെങ്കിലും കേവലം 16 വയസ്സു മാത്രമുള്ള മനുഷ്യ സ്‌നേഹിയായ അനസ് കാണിച്ച പ്രവര്‍ത്തി അഭിനന്ദനാര്‍ഹം മാത്രമല്ല, ഫോട്ടോ എടുത്ത് എന്തിനും ഏതിനും സ്വന്തം കാര്യത്തിനു മാത്രം താത്പര്യം കാണിക്കുന്ന സമൂഹത്തിനുള്ള മുന്നറിയിപ്പും മാതൃകയുമാണ് .

തുടര്‍ന്ന് പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ അനസിനെ വിളിച്ച് അഭിനന്ദിക്കുകയുണ്ടായി. കൊപ്പം സ്വദേശിയായ ദിലീപും ,ആംബുലന്‍സ് ഡ്രൈവറായ ഹംസയും അനസിനോടൊപ്പം സജീവമായി ഉണ്ടായിരുന്നു

Related posts