പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളം! രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊന്നത് അമ്മ തന്നെ…

ആൽബനി(ന്യുപെൻസിൽവാനിയ): രണ്ടു മക്കളെ കൊലപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. എട്ടു വയസുള്ള മകനെയും നാലു വയസുള്ള മകളെയും ഒരു പ്ലാസ്റ്റിക് കയറിന്‍റെ രണ്ടറ്റത്തായി കെട്ടി തൂക്കി കൊന്ന കേസിൽ മാതാവ് ലിസ സിൻഡറെ (36) പോലീസ് അറസ്റ്റു ചെയ്തു.

സെപ്റ്റംബർ 23ന് പെൻസിൽവാനിയ ആൽബനി ടൗൺഷിപ്പിലാണ് സംഭവം നടന്നത്. മക്കൾ തൂങ്ങി നിൽക്കുന്നതായി മാതാവ് തന്നെയാണു പോലീസിൽ അറിയിച്ചത്. പോലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും പിന്നീട് മരിച്ചു.

8 വയസുള്ള മകനെ സ്കൂളിൽ മറ്റു കുട്ടികൾ കളിയാക്കിയതിൽ നിരാശനായിരുന്നു വെന്നും സഹോദരി നാലു വയസുകാരിയും സഹോദരനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഇതാണു രണ്ടു പേരുടേയും മരണത്തിന് കാരണമെന്നും ഇവർ അറിയിച്ചു.

എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ പറഞ്ഞത് കളവാണെന്നും കുട്ടികളുടെ അമ്മ തന്നെയാണ് കൊല നടത്തിയതെന്നും കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മരണത്തിന് മുൻപ് മാതാവ് കെട്ടിതൂക്കി കൊലപ്പെടുത്തുന്നതും കാർബൺ മോണോക്സയ്ഡ് ഉപയോഗിച്ചു കൊലപ്പെടുത്തുന്നതും എങ്ങനെയാണെന്ന് ഇന്‍റർനെറ്റിൽ പരിശോധിച്ച വിവരം പോലീസ് കണ്ടെത്തിയിരുന്നു.

8 വയസുകാരൻ മറ്റു കുട്ടികൾ കളിയാക്കിയതിൽ നിരാശനായിരുന്നു എന്ന വാദം സ്കൂൾ അധികൃതർ നിഷേധിച്ചു. സംഭവം നടന്ന ദിവസം സ്കൂൾ ബസിൽ നിന്നും ഇറങ്ങി കുട്ടി സന്തോഷവാനായാണ് വീട്ടിൽ എത്തിയതെന്നു കാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും ഇവർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts