ദുബായ്: സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയാകും. സെപ്റ്റംബർ അഞ്ച് മുതൽ 21 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുക്കും. ഏഷ്യ കപ്പ് വേദി നിശ്ചയിക്കാൻ 25 അംഗരാജ്യങ്ങൾ പങ്കെടുത്ത എസിസി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഓണ്ലൈനായി മീറ്റിംഗിൽ പങ്കെടുത്തു.
ഇന്ത്യ x പാക് പോരാട്ടം
നിലവിലെ ജേതാക്കളായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള മത്സരം ദുബായിൽ നടക്കും. ഇരു ടീമിനും പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാൽ ട്വന്റി-20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് സംഘടിപ്പിക്കുക.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് പ്രതിസന്ധിയിലായത്. പാക്കിസ്ഥാനുമായി മത്സരിക്കരുതെന്ന് ആവശ്യമുയരുകയും ഇന്ത്യയിൽ കളിക്കാനില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കുകയും ചെയ്തതോടെ ടൂർണമെന്റിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലും കഴിഞ്ഞ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലുമായാണ് നടത്തിയത്. നിലവിൽ ഐസിസി, എസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ- പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കുന്നത്.