തൃശൂരിലും കൊച്ചിയിലേയും എടിഎം കവർച്ചയ്ക്ക് പിന്നിൽ മൂന്നംഗ സംഘം;  മോഷണം നടത്തിയത് പ്രൊഫഷണൽ സംഘമാകാമെന്ന് പോലീസ് പറ‍യുന്നതിന്‍റെ കാരണം ഇങ്ങനെ….

കൊച്ചി: തൃശൂരിലും കൊച്ചിയിലുമുണ്ടായ എടിഎം കവർച്ചകൾക്ക് പിന്നിൽ മൂന്നംഗ പ്രൊഫഷണൽ സംഘമാണെന്ന് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. അർധരാത്രി 12ന് ശേഷമാണ് രണ്ടു കവർച്ചകളും നടന്നിരിക്കുന്നത്. ഇരുന്പനത്തു നിന്നും പണം കവർന്ന സംഘം പുലർച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയിൽ എത്തി അവിടെ കവർച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്.

പ്രൊഫഷണൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകൾ ഏത് രീതിയിൽ തകർത്താൽ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു. ദീർഘകാലത്തെ ആസൂത്രണത്തിന് ശേഷമാകും സംഘം കവർച്ച നടത്തിയിരിക്കുന്നത്. കാവൽക്കാരനില്ലാത്ത എടിഎമ്മുകളാണ് കവർച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്.

എറണാകുളത്തെ ഇരുന്പനത്ത് എസ്ബിഐയുടെ എടിഎമ്മിൽ നിന്നാണ് പണം പോയത്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന എടിഎമ്മിൽ നിന്നും പണം കവർച്ച ചെയ്തത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. രാത്രി 11.30-നാണ് ഏറ്റവും ഒടുവിൽ ഇവിടെ നിന്നും പണം പിൻവലിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ അർധരാത്രി 12ന് ശേഷമാണ് ഇവിടെ കവർച്ച നടന്നതെന്ന് പോലീസ് കരുതുന്നു.

ഇരുന്പനത്ത് നിന്നും 25 ലക്ഷം കവർന്ന സംഘം കാറിൽ ദേശീയപാത വഴി കൊരട്ടിയിൽ എത്തിയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം തകർത്ത് 10 ലക്ഷം കവർന്നത്. ഇവിടെ പുലർച്ചെ മൂന്നിന് ശേഷമാണ് കവർച്ചയുണ്ടായത്. രണ്ടു കവർച്ചകൾക്കും നിരവധി സമാന സ്വാഭാവങ്ങളുണ്ടെന്നും പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

എടിഎമ്മുകളിലെ സിസിടിവി കാമറയിൽ പെയിന്‍റ് പോലെയൊരു ദ്രാവകം ഒഴിച്ച ശേഷമാണ് സംഘം മോഷണം നടത്തിയത്. രണ്ടു എടിഎം മെഷീനുകളും ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് തകർത്തിരിക്കുന്നത്. ഇരുന്പനത്തെ സിസിടിവി കാമറയിൽ നിന്നും ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും കൊരട്ടിയിൽ നിന്നും സംഘത്തിലെ ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പുലർച്ചെ 4.50-നുള്ള ദൃശ്യമാണിത്. പ്രദേശത്തെ മറ്റ് സിസിടിവികളിൽ പരിശോധന തുടരുകയാണ്.

കാറിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരാൾ കാറിലിരിക്കുകയും രണ്ടുപേർ എടിഎം തകർത്ത് പണം അപഹരിക്കുകയുമാണ് ചെയ്തത്. സംഭവത്തിൽ വ്യാപക അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്ത് നിരവധി എടിഎം കവർച്ചാശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റരാത്രി കൊണ്ട് 35 ലക്ഷം പോയ സംഭവം ആദ്യമാണെന്നാണ് പോലീസ് ഭാഷ്യം. പൊതുവേ നഗരങ്ങളിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ രാത്രിയിൽ പോലും ആളുകളുടെ ശ്രദ്ധയെത്താറുണ്ട്. എന്നാൽ എപ്പോഴും നല്ല തിരക്കുള്ള ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഇരുന്പനത്തെ എടിഎമ്മിൽ നിന്നും പണം പോയതാണ് പോലീസിനെ കുഴയ്ക്കുന്നത്.

Related posts