ആസ്വാദക മനസുകളിലേക്കു ‘സൈക്കിളോ’ടിച്ചു മെല്‍ബണ്‍ തിരുവാതിര തിയേറ്റേഴ്സ്, ഓസ്‌ട്രേലിയന്‍ മലയാളികളുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന നാടകം ശ്രദ്ധേയമാകുന്നു, വിശേഷങ്ങള്‍ ഇങ്ങനെ

അരങ്ങില്‍ ആവേശമായി ആവിഷ്‌കരിച്ച ‘സൈക്കിള്‍’ ആസ്വാദക മനസുകളിലേക്കു ഹൃദ്യാനുഭവങ്ങളുമായി ഓടിക്കയറി. ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ‘എന്റെ കേരള’ ത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിര തിയേറ്റേഴ്സാണു ‘സൈക്കിള്‍’ എന്ന നാടകം അവതരിപ്പിച്ചത്.

ഗ്രാമീണാന്തരീക്ഷത്തില്‍ ജീവിക്കുന്ന ആട്ടക്കാരിയുടെയും ആട്ടക്കാരന്റെയും ജീവിതത്തെ കേന്ദ്രീകരിച്ചുള്ള കഥയ്ക്കാണു നാടകത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ അരങ്ങിന്റെ ഭാഷ പകര്‍ന്നത്. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചതു മെല്‍ബണിലെ മലയാളി കലാകാരന്‍മാര്‍ തന്നെ.

നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചതു ജോജി ജോസഫ് പാലാട്ടിയാണ്. രണ്ടു പേരുടെ ബാല്യകാലാനുഭവങ്ങളിലൂടെയാണു നാടകം ആരംഭിക്കുന്നത്. നാടകത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആട്ടക്കാരിയായി അപര്‍ണയും അമ്മയായി ജിഷയും ആട്ടക്കാരനായി നിജോ കുര്യനും മികച്ച അഭിനയം കാഴ്ചവച്ചു. ഷാരോണ്‍ ജോളി ആചാര്യന്റെ വേഷം മനോഹരമാക്കി.

അഭിഷ്, മാത്യു ചെറിയാന്‍ എന്നിവരും വിവിധ കഥാപാത്രങ്ങള്‍ക്കു വേഷമിട്ടു.നൂതന സാങ്കേതിക വിദ്യകളുടെ സമന്വയം നാടകത്തെ മികച്ച നിലവാരത്തിലേക്കുയര്‍ത്താന്‍ സഹായകമായി. വിജോ, ബിബിന്‍, ആല്‍ബിന്‍ എന്നിവര്‍ ഗ്രാഫിക്സ് വിഭാഗം കൈകാര്യം ചെയ്തു. മ്യൂസിക്കും റെക്കോര്‍ഡിംഗും ഷിജോയും മേക്കപ്പ് ബെന്നിയും ഓഫീസ് നിര്‍വഹണം ജൈബിയും നിര്‍വഹിച്ചു. ‘എന്റെ കേരള’ ത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിര തിയേറ്റേഴ്സ് നാലാം തവണയാണു മെല്‍ബണില്‍ നാടകം അവതരിപ്പിക്കുന്നത്. കുഴിമടിയന്‍, പാളങ്ങള്‍, മാനിഷാദ എന്നീ നാടകങ്ങളും ശ്രദ്ധേയമായിരുന്നു

Related posts