Set us Home Page

ലംബോർഗിനി വാശി കൊണ്ടുവന്ന വിജയം

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കേരളത്തിലെ സോഷ്യൽ മീഡിയയിലും പത്രങ്ങളിലും സാധാരണക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ വാർത്തകളിലൊന്ന് മലയാളത്തിലെ യുവസൂപ്പർസറ്റാർ പൃഥിരാജ് സുകുമാരൻ പുതിയ ലംബോർഗിനി കാർ വാങ്ങിയതായിരുന്നു. ഇതിലെ വാർത്താപ്രാധാന്യം എന്തായിരുന്നുവെന്നോ? വാഹനപ്രിയരായവരുടെ സ്വപ്നവാഹനമായ ലംബോർഗിനി ബ്രാൻഡ് കാറുള്ള ഒരേയൊരു മലയാള സിനിമാ നടൻ പൃഥിരാജാണ്.

എൽപി.580-2 മോഡൽ റിയർ വീൽ ഡ്രൈവ് കാറാണ് പൃഥിരാജ് വാങ്ങിയത്. ഈ മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 3.4 സെക്കൻഡുകൾ മതിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. കേരളത്തിലെ കുണ്ടുംകുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകളിൽ 320 കിലോമീറ്റർ വേഗത്തിൽ പൃഥ്വി കാറോടിക്കുന്നത് എങ്ങനെയാണോ എന്തോ?

സെലിബ്രിറ്റികളുടെ വാഹനഭ്രമം

പോർഷെ, ബി.എം.ഡബ്ള്യൂ. പോലുള്ള രണ്ടു മൂന്നു കാറുകൾ പൃഥിരാജിന്‍റെ കളക്ഷനിലുണ്ട്. അതിലേക്കാണ് ലംബോർഗിനി കടന്നു വരുന്നത്. 3.25 കോടി രൂപ വിലയുള്ള ലംബോർഗിനിക്ക് കേരളത്തിലെ റോഡ് ടാക്സ് മാത്രം 45 ലക്ഷം രൂപയായി. മാത്രമോ, ഇഷ്ടപ്പെട്ട കെ എൽ 7 സിഎൻ-1 എന്ന ഫാൻസി നന്പർ നേടാൻ ലേലത്തിൽ 7 ലക്ഷം രൂപ മുടക്കുകയും ചെയ്തു

യുവസൂപ്പർസ്റ്റാർ.

കൂട്ടത്തിൽ പറയട്ടെ. വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നന്പർ നേടുന്നതിനുള്ള അമിതഭ്രമം സെലിബ്രിറ്റികളുടെ കൂടെപ്പിറപ്പാണ്. ബോളിവുഡ് ബാദ്ഷാ സാക്ഷാൽ ഷാരുഖ് ഖാന് 555, സൽമാൻ ഖാന് 2727, സഞ്ജയ് ദത്തിന് 4545 എന്നീ നന്പരുകളോടുള്ള താൽപര്യം എല്ലാവർക്കും അറിവുള്ളതാണ്.

അതെന്തുമാകട്ടെ, ലംബോർഗിനിയെക്കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്. ഇറ്റലിയിലെ ട്രാക്ടർ നിർമാതാവായ ഫെറൂഷ്യോ ലംബോർഗിനിയുടെ ഒരു വാശിയിൽ നിന്നാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച റെയ്സിംഗ് കാറുകളിലൊന്നായ ലംബോർഗിനി പിറവിയെടുക്കുന്നത്. അതൊരു പ്രചോദനാത്മകമായ കഥയാണ്.

ട്രാക്ടറിൽ തുടക്കം

ഇറ്റലിക്കാരനായ ഫെറൂഷ്യോ ലംബോർഗിനി എന്ന മെക്കാനിക്കൽ എൻജിനിയറുടെ സ്വപ്നസൃഷ്ടിയാണ് ലംബോർഗിനി. “സാങ്കേതികമികവു കൊണ്ട് ഇന്ന് ലോകത്ത് ഏറ്റവും വാഴ്ത്തപ്പെടുന്ന കാറുകളിലൊന്നാണ് ലംബോർഗിനി.

ഇറ്റലിയിലെ മുന്തിരി കർഷകരായ അന്‍റോണിയോ ലംബോർഗിനി, ഇവ് ലിന എന്നിവരുടെ പുത്രനായാണ് ഫെറുഷ്യോ ലംബോർഗിനി ജനിച്ചത്. 1916-ൽ. യന്ത്രോപകരണങ്ങളോടായിരുന്നു ചെറുപ്പം മുതൽക്കേ ലംബോർഗിനിക്ക് താൽപര്യം.

വെറുതേയിരിക്കുന്ന സമയങ്ങളിലൊക്കെ വീട്ടിലെ ഫാമിംഗ് മെഷീനറിയുടെ എന്തെങ്കിലും റിപ്പയർ ജോലിയിൽ ഏർപ്പെടും. എല്ലാം തനിയെ ചെയ്യും. അതുകൊണ്ട് പഠിച്ചത് മെക്കാനിക്സായിരുന്നു. ബൊലോണയിലെ ഫ്രാട്ടെലി ടാഡിയ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ഫെറൂഷ്യോ സ്വന്തമായി ഒരു ഗാരേജ് തുറന്നു. ഫെറൂഷ്യോയുടെ നൈപുണ്യം തിരിച്ചറിഞ്ഞവർ വാഹനങ്ങൾ റിപ്പയറിംഗിനായി ആ ഗാരേജിൽത്തന്നെ ഏൽപ്പിച്ചു. ധാരാളം ജോലി. ഇതിനിടെ ഫെറൂഷ്യോ ഒരു ഫിയറ്റ് ടോപോലിനോ വാങ്ങി. സ്വന്തം മെക്കാനിക്കൽ നൈപുണ്യം ആ കാറിൽത്തന്നെ പ്രയോഗിച്ചു.

എന്നിട്ട് സ്വന്തം ഉപയോഗത്തിനായി ഇഷ്ടത്തിനൊത്ത് അതിൽ രൂപമാറ്റം വരുത്തി.
ഏറെ നാൾ കഴിഞ്ഞ് സ്വന്തമായൊരു ബിസിനസിനെ ക്കുറിച്ച് ചിന്തിച്ചപ്പോൾ ഓയിൽ ഹീറ്ററുകളും തുടർന്ന് എയർ കണ്ടീഷനിംഗ് ഉപകരണങ്ങളും നിർമിച്ചു തുടങ്ങി. ഒടുവിൽ മിലിട്ടറിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട യന്ത്രഭാഗങ്ങളുപയോഗിച്ച് ധാരാളം ട്രാക്ടറുകൾ നിർമിക്കാൻ ഒരു സ്ഥാപനം തുടങ്ങി. ആദ്യത്തെ ട്രാക്ടർ നന്നായി ഓടുന്നുവെന്നു കണ്ടപ്പോൾ നിർമാണപ്രവർത്തനം വിപുലീകരിക്കാൻ ലംബോർഗിനി ട്രാട്ടോറി എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ചെയ്തു.

ലംബോർഗിനി കാർ നിർമിക്കുന്നു

ബിസിനസ് പച്ച പിടിച്ചപ്പോൾ മറ്റ് ബിസിനസുകാരെപ്പോലെ തന്നെ സ്വന്തമായി ഒരു ഫെറാറി കാർ വാങ്ങി. വാഹനപ്രിയരുടെ ഇഷ്ടവാഹനമാണ് ഫെറാറി. പക്ഷേ കാർ ഓടിച്ചു നോക്കിയപ്പോൾ മെക്കാനിക്കായ ഫെറൂഷ്യോയ്ക്ക് കാറിന്‍റെ ക്ളച്ചിന്‍റെ പ്രവർത്തനം ഇഷ്ടപ്പെട്ടില്ല. തന്‍റെ ട്രാക്ടറിലുള്ളതുപോലെയുള്ള ക്ലച്ചായിരുന്നു ഫെറാറി കാറിലുള്ളതും. ചെറിയ റിപ്പയറിംഗിനും മെച്ചപ്പെടുത്തലുകൾക്കുമായി അദ്ദേഹം പല പ്രാവശ്യം ഫെറാറിയുടെ സർവീസ് സെന്‍ററിൽ കാർ കൊടുത്തു.

എന്നാൽ ഉദ്ദേശിച്ച രീതിയിൽ ക്ലച് ശരിയാക്കി കിട്ടിയില്ല. ഫെറൂഷ്യോ വെറുതെയിരുന്നില്ല. ഫെറാറി കാറിന്‍റെ നിർമാതാവായ സാക്ഷാൽ എൻസോ ഫെറാറിയെത്തന്നെ നേരിട്ടു കണ്ട് കാര്യം ബോദ്ധ്യപ്പെടുത്താനായി അദ്ദേഹം അവരുടെ ഫാക്ടറിയിലേക്കു പോയി. പക്ഷേ, വെറുമൊരു ട്രാക്ടർ മെക്കാനിക്കായ ഫെറൂഷ്യോയെ കാണാൻ ഫെറാറി വലിയ താൽപര്യം കാട്ടിയില്ല. അയാളെ കാണാൻ ഫെറൂഷ്യോയ്ക്ക് വളരെ നേരം കാത്തിരിക്കേണ്ടി വന്നു.

പിന്നീട് കണ്ടപ്പോഴോ, ഫെറാറി കാറുകളുടെ ക്ലച്ചിന്‍റെ നിലവാരമില്ലായ്മയെക്കുറിച്ച് ഫെറൂഷ്യോ പറഞ്ഞു. എൻസോയ്ക്ക് അതിഷ്ടപ്പെട്ടില്ല. “തന്‍റെ ട്രാക്ടർ ഓടിക്കുന്നതു പോലെയല്ല ഫെറാറി കാർ ഓടിക്കേണ്ടത്’’ എന്നു പറഞ്ഞ് എൻസോ അദ്ദേഹത്തെ പരിഹസിച്ചു വിട്ടു.

എൻസോ തന്നെ വെറുമൊരു ട്രാക്ടർ മെക്കാനിക്കായി കണ്ടത് ഫെറൂഷ്യോയുടെ മനസിനെ വല്ലാതെ മുറിപ്പെടുത്തി. അന്നു തോന്നിയ വാശിയാണ് ഫെറാറിയെക്കാൾ മെച്ചപ്പെട്ട കാർ നിർമിക്കാൻ ഫെറൂഷ്യോയ്ക്ക് പ്രചോദനമായത്.

അറുപതുകളുടെ തുടക്കം. 1963-ൽ കാർ നിർമാണത്തിനായി ഓട്ടോമൊബിലി ലംബോർഗിനി എന്ന പേരിൽ അദ്ദേഹം ഒരു കന്പനി തുടങ്ങി. ആദ്യത്തെ കാർ പുറത്തിറക്കിയ പ്പോൾ ഫെറൂഷ്യോ യ്ക്ക് ആത്മവിശ്വാ സമായി. പിന്നെ പുതുക്കലു കളിലൂടെയും സാങ്കേതിക വിദ്യയുടെ നവീകരണത്തി ലൂടെയും ലംബോ ർഗിനിക്ക് വിപണിയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വീണ്ടും കൃഷിയിലേക്ക്

എല്ലായ്പോഴും പുതുമ ആഗ്രഹിക്കുന്ന ആളായിരുന്നു ഫെറൂഷ്യോ. വ്യത്യസ്തമായ ബിസിനസുകൾ ആരംഭിച്ച്, അതിലെല്ലാം ഏറ്റവും മെച്ചപ്പെട്ട പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് പുതുമയോടുള്ള ഈ പ്രതിപത്തിയും തന്‍റെ കഴിവുകളിലുള്ള ആത്മവിശ്വാസവുമായിരുന്നു. ആ കഴിവുകളെ ആരെങ്കിലും ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാനാവുമായിരുന്നില്ല.

ലംബോർഗിനി വാഹനങ്ങളുടെ വിജയത്തിൽ സംതൃപ്തനായ ഫെറൂഷ്യോ 1974-ൽ വാഹനനിർമാണത്തിൽ നിന്നു പിന്തിരിഞ്ഞ് മുന്തിരി ഉപയോഗിച്ചുള്ള വൈൻ നിർമാണത്തിലേക്ക് മാറിയും സ്വന്തമായ ഗോൾഫ് കോഴ്സ് പരിപാലിച്ചും അദ്ദേഹം വിശ്രമജീവിതം നയിച്ചു. എല്ലാ ബിസിനസ് സംരംഭകരും പഠിക്കേണ്ട ഒരു പാഠം ഫെറൂഷ്യോ ലംബോർഗിനിയുടെ കഥയിലുണ്ട്. വിജയിക്കണമെന്നുള്ള വാശി. ആ വാശിയുണ്ടോ നിങ്ങൾക്കും വിജയിക്കാം.

ഡോ. രാജൻ പെരുന്ന

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS