കടുത്തുരുത്തി: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ആയാംകുടി നാലുസെന്റ് കോളനിയിൽ ഇല്ലിപ്പടിക്കൽ രത്നമ്മ (57) ആണ് ഭർത്താവ് ചന്ദ്രന്റെ (65) കുത്തേറ്റ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പതിവായി ഇരുവരും വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ഇന്നലെയും വഴക്കുണ്ടായി.
തുടർന്ന് ചന്ദ്രൻ വീട്ടിലുണ്ടായിരുന്ന ഇളയ മകൾ അരുണിമയെ വീടിന് പുറത്തിറക്കി വാതിലടച്ചതിനുശേഷം രത്നമ്മയെ കുത്തുകയായിരുന്നു.
അരുണിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു പ്രവേശിച്ചപ്പോഴാണ് കുത്തേറ്റു കിടക്കുന്ന രത്നമ്മയെയും വിഷം കഴിച്ച് അവശനിലയിലായ ചന്ദ്രനെയും കാണുന്നത്.
രത്നമ്മയുടെ ശരീരത്തിൽനിന്നു വാർന്ന രക്തം മുറി മുഴുവൻ വ്യാപിച്ച നിലയിലായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ ത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി രത്നമ്മയെയും അവശനിലയിലായിരുന്ന ചന്ദ്രനെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലേക്കു മാറ്റി.
പിന്നീട് ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മക്കൾ: അന്പിളി, അനീഷ്, അരുണിമ.