ബിസിനസ് പങ്കാളിയ്ക്ക് ദേശവിരുദ്ധ സംഘടനകളുമായി ബന്ധം ! സിനിമകള്‍ക്കുള്ള സാമ്പത്തിക സഹായം; ഐഷ സുല്‍ത്താനയ്ക്ക് വിനയാകുന്ന ഘടകങ്ങള്‍ ഇങ്ങനെ…

ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന കൂടുതല്‍ കുരുക്കിലേക്ക്.

ഐഷയ്്ക്കു വെല്ലുവിളിയാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിയുടെ മോശം പശ്ചാത്തലമാണ്. ഇയാള്‍ക്കെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സൂചനയുണ്ട്.

ദേശവിരുദ്ധസ്വഭാവമുള്ള ബന്ധങ്ങളുടെ പേരില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടയാളാണ് ഐഷയുടെ ബിസിനസ് പങ്കാളി.

ഔദ്യോഗികസ്ഥാനം ദുരുപയോഗിച്ച്, ദേശവിരുദ്ധസംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലര്‍ത്തിയെന്നാരോപിച്ച് സി.പി.എം. ഘടകങ്ങളും ഇയാള്‍ക്കെതിരേ അന്നു സംസ്ഥാനനേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.

സിനിമാ നിര്‍മാണം, നിയമസഹായം എന്നിവയ്ക്കായി ഇയാള്‍ ഐഷയ്ക്കു സാമ്പത്തികപിന്തുണ നല്‍കിയെന്നാണു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

സമീപകാലത്ത് ഇരുവരും തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചു. കൊച്ചി, തൈക്കൂടത്തിനു സമീപം ഇവര്‍ നടത്തുന്ന പങ്കാളിത്ത ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്.

സമാനസ്വഭാവമുള്ള മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത ഐഷയ്ക്കു ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, എഫ്.ഐ.ആര്‍. റദ്ദാക്കാനുള്ള നീക്കം കോടതിയില്‍ പരാജയപ്പെട്ടു.

ലക്ഷദ്വീപ് വിഷയം സംബന്ധിച്ച് നടത്തിയ ജൈവായുധ പരാമര്‍ശമാണ് ഐഷയ്‌ക്കെതിരേ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിച്ചത്.

ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിക്കാതിരുന്നത്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംവിധായിക ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം.

എന്നാല്‍, അന്വേഷണം പ്രാഥമികഘട്ടത്തിലാണന്നു നിരീക്ഷിച്ച കോടതി, പോലീസിനു കൂടുതല്‍ സമയമാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

സംരക്ഷണം ലഭിക്കാവുന്ന പരാമര്‍ശമല്ല ഐഷയുടേതെന്നും ഹര്‍ജി തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നവയാണെന്നും അന്വേഷണം ആവശ്യമാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി വാദിച്ചു.

കേസില്‍ അന്വേഷണം പാടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ഐഷയുടെ അഭിഭാഷകനോടു കോടതി ആരാഞ്ഞു. കേന്ദ്രസര്‍ക്കാരിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Related posts

Leave a Comment