പാകിസ്ഥാനിലെ ഭീകരക്യാമ്പിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഇന്ത്യ വിക്ഷേപിച്ച അമേരിക്കന്‍ സാറ്റലൈറ്റ്; ഈ സാറ്റലൈറ്റിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിവിധ വെബ്‌സൈറ്റുകളും ന്യൂസ് ഏജന്‍സികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വിഭാഗം ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം കൃത്യമായിരുന്നുവെന്ന് പറയുമ്പോള്‍ മറുഭാഗം വാദിക്കുന്നത് അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ വിക്ഷേപിച്ച അമേരിക്കന്‍ കമ്പനിയുടെ സാറ്റ്ലൈറ്റ് പുറത്തുവിട്ട ചിത്രങ്ങളാണ് റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള ന്യൂസ് ഏജന്‍സികളും വെബ്‌സൈറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ്‌സിന്റെ ചെറിയ സാറ്റ്ലൈറ്റുകള്‍ വിക്ഷേപിക്കുന്നത് ഐഎസ്ആര്‍ഒയാണ്. ഈ വരുന്ന ഏപ്രിലിലും പ്ലാനറ്റ് ലാബ്‌സിന്റെ സാറ്റ്ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്. ഏകദേശം 500 കിലോമീറ്റര്‍ മുകളില്‍ നിന്നു ഭൂമിയിലെ കാഴ്ചകള്‍ പകര്‍ത്താന്‍ ശേഷിയുളളതാണ് പ്ലാനറ്റ് ലാബ്സിന്റെ സാറ്റ്ലൈറ്റുകള്‍. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളുടെ ചിത്രങ്ങളും പകര്‍ത്തി. നിരവധി സാറ്റ്ലൈറ്റുകളുടെ സഹായത്തോടെ ഭൂമിയുടെ മൊത്തം ചിത്രങ്ങള്‍ കൃത്യമായി പകര്‍ത്തുന്നുണ്ട്. 2017 ല്‍ മാത്രം പ്ലാനറ്റ് ലാബിന്റെ ഭൗമനിരീക്ഷണ വിഭാഗത്തില്‍ പെടുന്ന 88 നാനോ സാറ്റ്ലൈറ്റുകളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.

എന്നാല്‍ ഇന്ത്യയുടെ കൈവശമുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങളും മറ്റു തെളിവുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭൗമനിരീക്ഷണത്തിനായി ഇന്ത്യയ്ക്ക് മാത്രം 48 സാറ്റ്ലൈറ്റുകളുണ്ട്. ഇതെല്ലാം നിരീക്ഷിക്കുന്നത് പ്രതിരോധ വിഭാഗമാണ്. ഉപഗ്രഹങ്ങള്‍ നിര്‍മിച്ച് ലക്ഷ്യത്തിലെത്തിക്കുക മാത്രമാണ് ഐഎസ്ആര്‍ഒ ചെയ്യുന്നത്. ഉപഗ്രഹങ്ങളില്‍ നിന്നു ലഭിക്കുന്ന ചിത്രങ്ങളും ഡേറ്റകളും നിരീക്ഷിച്ച് വിലയിരുത്തുന്നത് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ്. കാര്‍ട്ടോസാറ്റ്, മൈക്രോസാറ്റ്-ആര്‍, ഹൈസിസ്, റഡാര്‍സാറ്റ് തുടങ്ങി നിരവധി സാറ്റ്ലൈറ്റുകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രങ്ങളുടെ വരെ കൃത്യമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുളളതാണ് റിസാറ്റ്-2. കൂടുതല്‍ തര്‍ക്കമുയര്‍ന്നാല്‍ ഇന്ത്യയുടെ കൈവശമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടേക്കുമെന്ന് സൂചനയുണ്ട്.

Related posts