കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്ക് വായ്പ തരപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. വടുതല തൃക്കുകാരൻ വീട്ടിൽ ജോസി(45)നെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2013-ൽ എസ്ബിഐ ലിസി ബ്രാഞ്ചിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് ഏഴ് ലക്ഷം രൂപ ലോണ്‍ എടുത്ത് കാർ വാങ്ങിയ പ്രതി തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് പരാതി നൽകി.
ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തോളമായി പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ പക്കൽ നിന്ന് നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും പാൻകാർഡുകളും പോലീസ് കണ്ടെടുത്തു. കാർ വാങ്ങിയ ഉടനെ ഏജന്റുമാർ മുഖേന മറിച്ചു പണയം വയ്ക്കുകയായിരുന്നു പ്രതി. ലോണ്‍ എടുക്കുന്നതിനായി ബാങ്കിൽ സമർപ്പിച്ച രേഖകളായ തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഐടി. റിട്ടേണ്‍ രേഖകൾ വ്യാജമായിരുന്നതിനാൽ പ്രതിയെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.
ഒടുവിൽ 2015-ൽ സമാനമായ കേസിൽ മരട് പോലീസ് പിടികൂടിയ മറ്റൊരു പ്രതിയെക്കുറിച്ച് അന്വേഷിച്ചതിൽ നിന്ന് ജോസിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. എന്നാൽ പ്രതി മൊബൈൽ ഉപയോഗിക്കാതിരുന്നതിനാൽ കണ്ടെത്താൻ പോലീസിന് പ്രയാസമായി.മുന്‍പ് കാക്കനാട്ടെ ഒരു ബാങ്കിൽ നിന്നു കാർ ലോണ്‍ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് മാനേജരുടെ വിശ്വാസം നേടിയ പ്രതി തുടർന്ന് ഒരു കോടി രൂപ ലോണ്‍ എടുക്കാനായി സമീപിച്ച വിവരം പോലീസ് അറിഞ്ഞു.
ആ വഴിക്കു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇതിനായി സ്വന്തമായി കന്പനിയുള്ളതായി അറിയിച്ച പ്രതി ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് റിട്ടേണ്‍ ഫയലും തയാറാക്കി. പ്രതിക്കെതിരെ മരട്, എറണാകുളം സൗത്ത്, ഹിൽപാലസ്, തൃക്കാക്കര, കളമശേരി, എളമക്കര, കടവന്ത്ര, പാലക്കാട്, മണ്ണുത്തി സ്റ്റേഷനുകളിലായി ഇത്തരത്തിലുള്ള 22 ഓളം കേസുകൾ നിലവിലുണ്ട്. വ്യാജരേഖ തയാറാക്കാൻ സഹായിച്ചവരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
നഗരത്തിൽ ഇത്തരത്തിൽ വ്യാജ രേഖകൾ തയാറാക്കി നൽകുന്ന സംഘം പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. പീറ്റർ, എസ്.ഐ. വിബിൻദാസ്, സീനിയർ സിപിഒ ഗിരീഷ്ബാബു, സിപിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങും.