സ്വകാര്യഹോട്ടലിനു ബാര്‍ ലൈസന്‍സ് : ഹര്‍ജി കോടതി തളളി

Barമൂവാറ്റുപുഴ: പെരുമ്പാവൂര്‍ കോടനാട് സ്വകാര്യഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടു സ്വകാര്യവ്യക്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഡ്യൂലാന്‍ഡ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതിനെ തിരേ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എന്നിവരടക്കം എട്ടുപേരെ എതിര്‍കക്ഷികളാക്കി കോടനാട് കുറിച്ചലക്കോട് പള്ളിക്കല്‍ പി.എ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്.

അഴിമതിനിരോധന നിയമപ്രകാരം ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതല്ലെന്നും അഴിമതിനിരോധന വകുപ്പുകളുടെ പരിധിയില്‍ കേസ് വരില്ലെന്നും അതിനാല്‍ ത്വരിതാന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കേസ് തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. പ്രതികള്‍ അവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ബാര്‍ ഉടമയെ സഹായിച്ചെന്ന ആരോപണം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. എക്‌സൈസ് കമ്മീഷണര്‍ ബാര്‍ ലൈസന്‍സ് കൊടുക്കുന്നതിനുള്ള അനുവാദം മാത്രമേ നല്‍കിയിട്ടുള്ളൂ.

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുമ്പോള്‍ ബാര്‍ ലൈസന്‍സ് കൊടുത്തുവെന്ന ഹര്‍ജിക്കാരന്റെ വാദം ശരിയല്ല. ഹൈക്കോടതി സ്റ്റേ തള്ളിക്കളഞ്ഞതിനാല്‍ ലൈസന്‍സ് കൊടുക്കുന്നതില്‍ തെറ്റില്ല. ഉത്തമവിശ്വാസത്തോടെ ചെയ്ത ഒരു പ്രവര്‍ത്തിയായിട്ടു മാത്രമെ എക്‌സൈസ് കമ്മീഷണറുടെ നടപടി കാണാന്‍ സാധിക്കയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

Related posts