നിങ്ങള്‍ തേടുന്ന വ്യത്യസ്തനാം ബാര്‍ബര്‍ ഇതാണ്, ജോലി മുടിവെട്ട്, കൈവശമുള്ളത് കോടികളുടെ കാറുകള്‍, രമേഷ് ബാബുവിന്റെ കഥ ഇങ്ങനെ

r-1കേട്ടറിവിനേക്കാള്‍ വലുതാണ് രമേഷ് ബാബുവിന്റെ കഥ. ബംഗളുരു നഗരത്തിലെ ഒരു സാദാ ബാര്‍ബറാണ് രമേഷ്. ഒരു മുടിവെട്ടിന് കിട്ടുന്നത് 75 രൂപ. എന്നാല്‍ ഈ ബാര്‍ബര്‍ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്ത താരമായിരിക്കുകയാണ്. കോടികളുടെ കാറുകള്‍ സ്വന്തമായിട്ടുള്ള മുടിവെട്ടുക്കാരന്‍ എന്ന നിലയ്ക്കാണ് രമേഷ് ഇപ്പോള്‍ പ്രസിദ്ധന്‍. റോള്‍സ് റോയിസ്, മെഴ്‌സിഡസ്, ജാഗ്വര്‍, ബിഎംഡബ്ല്യൂ തുടങ്ങി നൂറ്റമ്പതോളം കാറുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. വിജയ മല്ല്യ കഴിഞ്ഞാല്‍ ബംഗളൂരു നഗരത്തില്‍ മെബാക്കുള്ള ഏക വ്യക്തി എന്നു പറയാന്‍ രമേഷ് ബാബു മാത്രമാണ്. 3.2 കോടി രൂപയോളമാണ് മെബാക്കിന്റെ ഇന്ത്യന്‍ വിപണിയിലെ വില.

വെറുമൊരു മുടിവെട്ടുകാരന്‍ എന്നു വിളിച്ച് കളിയാക്കാന്‍ വരട്ടെ. നല്ലൊന്നാന്തരം ബിസിനസുകാരന്‍ കുടിയാണ് ഈ നാല്പത്തഞ്ചുകാരന്‍. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയ സിനിമാതാരങ്ങള്‍ തൊട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും രമേഷിന്‍റെ കാര്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നവരില്‍ പെടും. രമേഷ് ടൂര്‍സ് ആന്‍റ് ട്രാവല്‍ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന രമേഷ് കഴിഞ്ഞ 30 വര്‍ഷമായി മുടിവെട്ടലാണ് ഉപജീവന മാര്‍ഗമാക്കിയിരിക്കുന്നത്. കാര്‍ ബിസിനസിന്റെ തിരക്കുകള്‍ക്കിടയിലും ദിവസം അഞ്ച് മണിക്കൂറെങ്കിലും സലൂണില്‍ ചിലവഴിക്കാന്‍ രമേഷ് മറക്കാറില്ല.

ബാങ്കില്‍ നിന്നും വായ്പ എടുത്താണ് രമേഷ് കാറുകള്‍ വാങ്ങിക്കൂട്ടുന്നത്. തവണകള്‍ അടക്കാനുള്ള മാര്‍ഗം സലൂണില്‍ നിന്നു കണ്ടെത്തുന്നുവെന്നാണ് കാര്‍ ബിസിനസുക്കാരനായ ബാര്‍ബര്‍ പറയുന്നത്. പത്താം ക്ലാസ് പഠനത്തിനു ശേഷമാണ് ബാബു മുടിവെട്ട് പഠിക്കാനിറങ്ങിയത്. അച്ഛന്റെ അകാലമരണമാണ് ബാബുവിനെ ഈ ജോലിയിലേക്കു കൊണ്ടെത്തിക്കുന്നത്. എന്തായാലും വാര്‍ത്ത ഹിറ്റായതോടെ രമേഷ് ബാബുവിന് ഫാന്‍സ് ക്ലബ് വരെ ആയെന്നാണ് വിവരം.

Related posts