ബെവ് ക്യൂ ആപ്പിലെ ടോക്കണ്‍ പോകുന്നതു മുഴുവന്‍ ബാറുകളിലേക്ക് ! ഇങ്ങനെയായാല്‍ ആപ്പിന്റെ പേര് ‘ബാര്‍ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോയിലെ സംഘടനകള്‍…

ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ കേരളത്തിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് ബെവ്‌റേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ലറ്റിനു കിട്ടിയത് വെറും 49,000.

ബെവ്‌കോ ഔട്ട്ലറ്റുകളിലെ മദ്യവില്‍പ്പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാര്‍ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്‌കോയിലെ സംഘടനകളും രംഗത്തെത്തി.

ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യ വില്‍പ്പനയില്‍ ഓരോ ദിവസവും കോര്‍പറേഷനു പറയാനുള്ളത് നഷ്ടകണക്ക് മാത്രം. മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പറേഷന്‍ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രം.

ഇന്ന് അവധി ദിവസമായതിനാല്‍ ഇന്നലെ കൂടുതല്‍ മദ്യ വില്‍പന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പറേഷന്‍ രംഗത്തെത്തിയത്.

ആപ്പില്‍ വില്‍ക്കുന്ന ടോക്കണില്‍ ഭൂരിഭാഗവും ബാറുകളിലേക്കാണ് എത്തുന്നത്. ഇതിനാല്‍ തന്നെ ബാറുകളില്‍ നീണ്ട ക്യൂവും ബെവ്‌റേജസ് ഔട്ട്‌ലെറ്റുകളില്‍ ക്യൂവില്ലാത്ത അവസ്ഥയുമാണ്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്ത് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കണ്‍ മാത്രം. എന്നാല്‍ സമീപത്തുള്ള ബാറുകളില്‍ നീണ്ട നിരയും ഉണ്ടായിരുന്നു.

ഇതോടെ ഔട്ട്‌ലറ്റ് മാനേജര്‍മാര്‍ തന്നെ പരാതിയുമായി കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.

ബവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ ആപ്പ് അധികൃതരോടും സ്റ്റാര്‍ട്ട് അപ് മിഷനോടും വിശദീകരണം ചോദിച്ചു.

ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്യുന്ന പിന്‍ കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍, സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതര്‍ നല്‍കിയ മറുപടി.

ആപ്പ് നിര്‍മാണ കമ്പനിയായ ഫെയര്‍ കോഡിനോടു കോര്‍പറേഷന്‍ ആവശ്യപ്പെട്ടത് ആദ്യം ഔട്ട്‌ലറ്റില്‍ ടോക്കണ്‍ നല്‍കുക, അതിനു ശേഷം ബാര്‍ എന്നതാണ്.

ഇപ്പോള്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണു സംഘടനകള്‍ ആരോപിക്കുന്നത്. ആപ്പിന്റെ പേര് ബവ്ക്യൂവിനു പകരം ബാര്‍ ക്യൂ എന്നാക്കണമെന്നും സംഘടനകള്‍ എംഡിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം സഹയാത്രികനായ രജിത്ത് രാമചന്ദ്രന്‍ ചീഫ് ടെക്‌നോളജി ഓഫീസറായുള്ള കമ്പനിയാണ് ഫെയര്‍കോഡ്.

ബാറുകാരെ സഹായിക്കാനാണ് ഈ ആപ്പ് എന്ന് പ്രതിപക്ഷം മുമ്പേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍.

Related posts

Leave a Comment