യാത്ര നിരക്ക് പഴയപടിയായതോടെ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകളും കൂടുന്നു ! ഓരോ കിലോമീറ്ററിനും നഷ്ടം 29 രൂപ; പുതിയ കണക്കുകള്‍ ഇങ്ങനെ…

വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പൂര്‍വസ്ഥിതിയിലായപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടവും കൂടി. ബുധനാഴ്ച അന്തര്‍ജില്ലാ സര്‍വീസുകൂടി തുടങ്ങിയപ്പോള്‍ ഒരോ കിലോമീറ്ററിനും 29.1 രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയത്.

ജീവനക്കാരുടെ വേതനവും ഇന്ധനം ഉള്‍പ്പെടെയുള്ള മറ്റുചെലവുകളും കണ്ടെത്തണമെങ്കില്‍ കിലോമീറ്ററിന് ഇപ്പോള്‍ 45.90 രൂപയെങ്കിലും ലഭിക്കണമെന്ന് ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് പറഞ്ഞു.

90.75 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ബുധനാഴ്ച 2254 ബസുകള്‍ സര്‍വീസ് നടത്തിയിട്ട് ലഭിച്ചത്. ഇതില്‍ 85.78 ലക്ഷം ഡീസലിന് മാത്രം ചെലവായി. ബാക്കി 4.97 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ.

ഒരുദിവസം അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപയെങ്കിലും വേണം. അതിനുപോലും ബുധനാഴ്ച കിട്ടിയ വരുമാനം തികഞ്ഞില്ല. കിലോമീറ്ററിന് 16.80 രൂപ എന്ന നിരക്കിലായിരുന്നു വരുമാനം.

എറണാകുളം മേഖലയിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. കിലോമീറ്ററിന് 15.42 രൂപ. തിരുവനന്തപുരത്ത് 17.63, കോഴിക്കോട്ട് 18.35 രൂപയുമാണ് ബുധനാഴ്ചത്തെ വരുമാനം.

ഒരു ബസിന് ശരാശരി 4026 രൂപവരെയാണ് കിട്ടിയത്. ഇതിലും താഴെ വരുമാനം ലഭിച്ച ബസ് സര്‍വീസുകളുമുണ്ട്.

വ്യാഴാഴ്ച ഓര്‍ഡിനറിയും അന്തര്‍ജില്ലാ സര്‍വീസുമുള്‍പ്പെടെ 2300 ബസുകളോടി. യാത്രക്കാര്‍ തീരെ കുറവായതിനാല്‍ ബസുകളുടെ എണ്ണം കൂട്ടുന്നത് നഷ്ടം കൂട്ടുമെന്നാണ് കെ.എസ്ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്. 4700 ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ സാധാരണ ഒരു ദിവസം 6.20 കോടിരൂപവരെ വരുമാനം ലഭിക്കാറുണ്ടായിരുന്നു.

ഇപ്പോള്‍ 40 ശതമാനം സര്‍വീസ് മാത്രമേ ഉള്ളൂവെങ്കിലും അതിനനുസരിച്ച് വരുമാനമില്ല. ദിവസം ഒരുകോടി രൂപയോളം നഷ്ടത്തിലാണ് ഓടുന്നത്.

പൊതുഗതാഗതം പുനരാരംഭിച്ചപ്പോള്‍ നിരക്ക് കൂടുതലായതിനാല്‍ കിലോമീറ്ററിന് 30 രൂപവരെ ലഭിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും പകുതിയോളമായി.

രാവിലെയും വൈകുന്നേരവും മാത്രമേ കാര്യമായി യാത്രക്കാരുള്ളൂ. 48 യാത്രക്കാര്‍ക്ക് അനുമതി ഉണ്ടെങ്കിലും രണ്ടുഭാഗത്തേക്കും മുപ്പതോളം യാത്രക്കാരെയുമായി പോയ ബസുകളുമുണ്ട്.

പലജില്ലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളുള്ളതിനാല്‍ കൃത്യമായി സര്‍വീസ് നടത്താന്‍ കഴിയുന്നില്ല.

കാസര്‍കോഡ് ജില്ലയില്‍ ജീവനക്കാര്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ ഭാഗികമായേ സര്‍വീസ് നടത്താന്‍ കഴിഞ്ഞുള്ളൂ. ജൂണ്‍ രണ്ടുവരെ 6.27 കോടിരൂപയാണ് 12 ദിവസം കൊണ്ട് കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ നഷ്ടം.

പഴയ നിരക്കിലേക്ക് മാറിയ ആദ്യദിവസം തന്നെ 72.24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. എന്തായാലും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ കെഎസ്ആര്‍ടിസിയ്ക്കു പറയാനുള്ളൂ എന്നു സുവ്യക്തമാണ്.

Related posts

Leave a Comment