അന്ന് എന്റെ മുഖത്തു നോക്കി ലാല്‍ പറഞ്ഞു ‘എന്നാ എന്നോട് പറ ഐ ലവ് യൂന്ന്’ ! ഞാന്‍ അപ്പോള്‍ തന്നെ ലാലിന് മറുപടിയും നല്‍കി; പഴയ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്ത് ഭാഗ്യലക്ഷ്മി…

സ്വന്തം ശബ്ദത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം ഏറ്റുവാങ്ങിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെ ഒട്ടുമിക്ക പ്രിയ നായികമാര്‍ക്കെല്ലാം ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. ഒരു ദേശീയ അവാര്‍ഡും മൂന്നു സംസ്ഥാന അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടിയെത്തി. ഇപ്പോള്‍ തന്റെ കരിയറില്‍ മറാക്കാനാകാത്ത ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഭാഗ്യലക്ഷ്മി.

വന്ദനം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മോഹന്‍ലാലുമൊത്ത് ഒരു കാബിനുള്ളിലിരുന്ന് ഡബ്ബ് ചെയ്ത അനുഭവം ഏറെ രസകരമായി ഭാഗ്യലക്ഷ്മി പങ്കുവെക്കുകയാണ്. സഫാരി ടിവി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.’വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹന്‍ലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്. ഐ ലവ് യു എന്ന് പറയുന്ന സീന്‍ ഡബ്ബ് ചെയ്യുമ്പോള്‍. ഞാനും ലാലും കൂടി ഒരു ക്യാബിനകത്താണ് നില്‍ക്കുന്നത്. ലാലിങ്ങനെ എന്നെ നോക്കിയാണ് പറയുന്നത്, ‘എന്നാ എന്നോട് പറ ഐ ലവ് യൂന്ന്’. ‘ഉം..ഐ ലവ് യൂ..’എന്ന് ഞാനും തിരിച്ച്. ഇങ്ങനെയാണ് അത് ഡബ്ബ് ചെയ്തത്. പ്രിയന്‍ ഭയങ്കര ഹാപ്പിയാണ് നമ്മള്‍ ഇത് ചെയ്യുമ്പോള്‍.

അതുപോലെ ചിത്രം എന്ന സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ നരേന്ദ്ര പ്രസാദ് സാര്‍ അവിടെയുണ്ട്. സാര്‍ ആദ്യമായിട്ട് ഡബ്ബ് ചെയ്യാന്‍ വരുന്നതാണ്. ഡബ്ബിംഗ് എന്താണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. കുറച്ചു നേരം ഇവരുടെ ഡബ്ബിംഗ് കണ്ടോളൂ എന്ന് പ്രിയന്‍ അദ്ദേഹത്തോട് പറഞ്ഞു.ഞാനും മോഹന്‍ലാലും അപ്പുറത്തിരുന്ന് ഡയലോഗ് പറയുകയാണ്. ഇതുകണ്ട് ടേക്ക് ആണെന്ന് പോലും മറന്ന് നരേന്ദ്ര പ്രസാദ് സാര്‍ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.

ഒരു മൈക്കിന് മുന്നിലിരുന്ന് എന്ത് ഭംഗിയായാണ് നിങ്ങള്‍ ഇത് പറയുന്നതെന്ന് അത്ഭുതത്തോടെ അന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അഭിനയിക്കുമ്പോള്‍ ഒരുപാട് സപ്പോര്‍ട്ട് നമുക്ക് മുന്നിലുണ്ടാകും. എന്നാല്‍ ഇത് അങ്ങനെയല്ല. തന്നെക്കൊണ്ട് ഇതൊക്കെ പറ്റോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഒടുവില്‍ സാറ് സാധാരണ പറയുന്നത് പോലെ തന്നെ പറഞ്ഞാല്‍ മതി എന്നൊക്കെ പറഞ്ഞ് നരേന്ദ്രപ്രസാദ് സാറിനെ ഞങ്ങളെല്ലാവരും കൂടി ചേര്‍ന്ന് ഹെല്‍പ്പ് ചെയ്തുകൊണ്ടാണ് ആ സിനിമ അത്രത്തോളം മനോഹരമാക്കിയത്’. ഭാഗ്യലക്ഷ്മി പറഞ്ഞു.

Related posts