സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ ജയലില്‍ ‘ഗുരുതരരോഗി’ ആയി ചിത്രീകരിക്കാന്‍ ഗൂഢനീക്കം!

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ഗൂഢനീക്കം. ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നല്‍കിയ പട്ടികയിലാണു ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്. ജയിലില്‍ നിന്ന് നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.

Related posts