വിദ്യാര്‍ഥിയ്ക്ക് പരാതിയില്ല…പക്ഷെ പോലീസിന് അങ്ങനെയല്ല ! പിറന്നാളുകാരനെ പോസ്റ്റില്‍ കെട്ടിയിട്ടു തലയിലൂടെ ചാണകവെള്ളം ഒഴിച്ച് കൂട്ടുകാര്‍; പോലീസ് കേസെടുത്തു…

തൊടുപുഴ: സഹപാഠിയുടെ പിറന്നാള്‍ അല്‍പം വ്യത്യസ്ഥമായി ആഘോഷിച്ച സഹപാഠികള്‍ കുടുങ്ങി; പിറന്നാളുകാരനെ ശാരീരിക പീഡനമേല്‍പ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. വിദ്യാര്‍ഥികളോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പിറന്നാളുകാരനായ വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് സഹപാഠികള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊടുപുഴ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് അതിരുവിട്ട ആഘോഷം നടത്തിയത്. വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ടു പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിച്ചും പല നിറത്തിലുള്ള വര്‍ണപ്പൊടികള്‍ മുഖത്തും തലയിലും ഷര്‍ട്ടിനകത്തുംവരെ വിതറിയും ചാണകവെള്ളം ഒഴിച്ചുമാണ് ആഘോഷങ്ങള്‍. കൂട്ടമായ ആക്രമണത്തില്‍ ക്ഷീണിതനായ സഹപാഠിയോട് മുഖമുയര്‍ത്താന്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. പത്തിലധികം വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളത്.

വീഡിയോ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കോളജ് അധികൃതരുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ സംഭവം അവധി ദിവസത്തിലായിരിക്കാം എന്നും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് മറുപടി.ഇതിനിടെ അതിക്രമത്തിന് ഇരയായെന്ന് കരുതുന്ന വിദ്യാര്‍ഥിയുടെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ തനിക്ക് പരാതിയില്ല. ഇതു തങ്ങളുടെ ആഘോഷരീതിയാണ്. ഇതിനു മുമ്പും ഇത്തരത്തില്‍ ആഘോഷിച്ചിട്ടുണ്ട്. ഇനിയും ഇത് ആവര്‍ത്തിക്കുമെന്നും ആര്‍ക്കും ഇതില്‍ മനോവിഷമം ആവശ്യമില്ലെന്നും വീഡിയോയില്‍ പറയുന്നു. എന്തായാലും പോലീസ് തങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്തതോടെ വെട്ടിലായത് പിറന്നാളുകാരനും കൂട്ടുകാരുമാണ് എന്നു മാത്രം.

 

Related posts