ത്രിപുരയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി, മുന്‍ സ്പീക്കര്‍ ഉള്‍പ്പെടെ നേതാക്കള്‍ ബിജെപിയില്‍, അഭിപ്രായ വോട്ടെടുപ്പുകളിലെ ഞെട്ടിക്കുന്ന വീഴ്ച്ചയ്ക്ക് പിന്നാലെ സിപിഎമ്മിനു കുരുക്കായി ബിജെപിയുടെ ചാക്കിട്ടുപിടുത്തവും

സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ത്രിപുരയില്‍ ബിജെപിയുടെ ചാക്കിട്ടു പിടുത്തം തുടരുന്നു. ഇത്തവണ നഷ്ടമേറെയും ഭരണകക്ഷിയായ സിപിഎമ്മിനു തന്നെ. മുന്‍ സംസ്ഥാന സ്പീക്കര്‍ ജിതേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ജില്ലാ ട്രൈബല്‍ ഓട്ടോണമസ് ജില്ലാ കൗണ്‍സില്‍ അംഗമായ ജോയ്കിഷോര്‍ ജമാത്തിയ തുടങ്ങിയ നേതാക്കള്‍ അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയായി. എങ്ങനെയും ഭരണം പിടിക്കാന്‍ ശ്രമം നടത്തുന്ന ബിജെപിക്ക് ഊര്‍ജം പകരുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്നു ജിതേന്ദ്ര സര്‍ക്കാര്‍. ഇടയ്ക്ക് കോണ്‍ഗ്രസിലേക്ക് പോകുകയും തിരിച്ച് സിപിഎമ്മിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്നലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപി സെക്രട്ടറി രാംപാല്‍ ജി ഇവര്‍ക്ക് ബിജെപി പതാക കൈമാറി. പിന്നോക്ക വിഭാഗ നേതാവുകൂടിയായ ഇദ്ദേഹം അറ് തവണ സിപിഎമ്മിന്റെ അംഗമായി നിയമസഭയില്‍ എത്തിയിരുന്നു.

2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി ഭിന്നത ഉണ്ടാകുകയും കോണ്‍ഗ്രസില്‍ ചേരുകയും അംഗമാകുകയും എംഎല്‍എ ആകുകയുമായിരുന്നു. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് സിപിഎം അംഗങ്ങളെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി രാം ലാല്‍ പറഞ്ഞു. അതേസമയം വാക്‌പോരില്‍ സിപിഎമ്മും പിന്നിലല്ല. പാവങ്ങള്‍ക്കു നേട്ടമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരില്‍ ജനങ്ങള്‍ വീണ്ടും ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുമെന്ന് സിപിഎം നേതാവ് ബിജന്‍ ധര്‍ തിരിച്ചടിച്ചു. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ബിജെപി ത്രിപുരയില്‍ മല്‍സരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. ത്രിപുര സ്വദേശീയ ജനമുന്നണി (ഐപിഎഫ്ടി) എന്ന തീവ്രസംഘടനയുമായി ചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിക്കാനൊരുങ്ങുന്നത്.

ഗോത്രവിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുന്നയിക്കുന്ന സംഘടനയാണ് ഐപിഎഫ്ടി. 60 മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 51 ഇടങ്ങളില്‍ മല്‍സരിക്കുക ബിജെപി സ്ഥാനാര്‍ഥികളാണ്. ഒന്‍പതു സീറ്റുകളില്‍ ഐപിഎഫ്ടിയും ജനവിധി തേടുന്നുണ്ട്. 51 എംഎല്‍എമാരാണു ത്രിപുര നിയമസഭയില്‍ ഇടതുമുന്നണിക്കു നിലവിലുള്ളത്. ബിജെപിക്ക് ഏഴും കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളുണ്ട്. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.

Related posts