ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ മോദിയും ബിജെപിയും, ആംആദ്മിയെയും പട്ടേലുമാരെയും പേടിക്കുന്നതിനൊപ്പം ഈ കാരണങ്ങളും പ്രധാനം

partyപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമെന്നതു മാത്രമല്ല ഗുജറാത്തിന്റെ പ്രത്യേകത. മൊത്തം ഇന്ത്യയുടെ ഒരു പരിച്ഛേദമായി മോദിയും ബിജെപിയും കാണുന്നത് ഗുജറാത്തിനെയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനും നോട്ട് നിരോധനത്തിനും പിന്നാലെ പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തതും ഇവിടെയായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് മോദിയെ ഉയര്‍ത്തിക്കാട്ടിയ ‘ഗുജറാത്ത് മോഡ’ലിന്റെ കേന്ദ്രസ്ഥാനം. അതുകൊണ്ട് തന്നെ അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയെന്നത് മോദിക്കും ബിജെപിക്കും അനിവാര്യമാണ്. നിലവിലെ അവസ്ഥയില്‍ അടുത്തവര്‍ഷം ഡിസംബറിലാണ് ജനങ്ങള്‍ വിരലില്‍ മഷി മുക്കേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ ആവശ്യത്തിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങള്‍ ഇതാണ്.

1. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ടെങ്കിലും അത് താല്ക്കാലികമാണെന്നാണ് ബിജെപി കരുതുന്നത്. കള്ളപ്പണക്കാര്‍ക്കും തീവ്രവാദത്തിനുമെതിരായ നീക്കമാണ് പ്രധാനമന്ത്രി കൈക്കൊണ്ടതെന്ന് ഗുജറാത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്കായെന്നാണ് നേതൃത്വം കരുതുന്നത്. മാത്രമല്ല, ഇപ്പോഴാണെങ്കില്‍ ഗുജറാത്തിലെ പ്രതിപക്ഷം ദുര്‍ബലമാണ്.

2. സംവരണവിഷയത്തില്‍ പട്ടേലുമാര്‍ ബിജെപിക്ക് എതിരാണ്. പട്ടേല്‍ സമരങ്ങളുടെ നേതാവായ ഹര്‍ദിക് പട്ടേലിന് ഇപ്പോള്‍ ഗുജറാത്തില്‍ കാലുകുത്തുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ട്. ഹര്‍ദികിന് പകരം നേതൃത്വത്തില്‍ കാര്യപ്രാപ്തിയുള്ള നേതാവില്ല. അതുകൊണ്ട് തന്നെ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതുവഴി പട്ടേല്‍ സമുദായത്തിന്റെ എതിര്‍പ്പിന്റെ ശക്തി കുറവായിരിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. നിലവില്‍ 182 അംഗ സഭയില്‍ പട്ടേല്‍ സമുദായത്തില്‍നിന്നുള്ള 37 പേരുണ്ട്. 80ഓളം മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി പട്ടേലുമാര്‍ക്കുണ്ട് താനും. ഹര്‍ദികിന്റെ അഭാവത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കേടുകൂടാതെ അധികാരത്തിലെത്താമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

3. ഈ വര്‍ഷം ലഭിച്ച നല്ല കാലവര്‍ഷമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. മികച്ച മഴ ലഭിച്ചതോടെ കര്‍ഷകര്‍ സന്തോഷത്തിലാണ്. ഗ്രാമീണ ഗുജറാത്തില്‍ വോട്ടിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കാലവര്‍ഷം. കൃഷി മികച്ചതായാല്‍ നിലവിലെ സര്‍ക്കാരിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ലെന്നതാണ് മുന്‍വര്‍ഷങ്ങളിലെ അവസ്ഥ. അടുത്തവര്‍ഷം മഴ കുറവായാല്‍ വോട്ടിനെ ബാധിക്കുമെന്ന് ബിജെപി ഭയക്കുന്നു.

4. പ്രതിപക്ഷമായ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ്. താഴേത്തട്ടില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിരിക്കുന്നു. നേതൃപാടവും ആജ്ഞാശക്തിയുമുള്ളൊരു നേതാവിന്റെ അഭാവം പാര്‍ട്ടി അനുഭവിക്കുന്നുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ ബിജെപി ഭയപ്പെടുക ആംആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയാണ്. ഗുജറാത്തില്‍ സാമാന്യം നല്ലരീതിയില്‍ വേരോട്ടമുണ്ടാക്കാന്‍ എഎപിക്കായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വൈകുംതോറും ആപ്പ് ശക്തിപ്രാപിക്കുമെന്ന ഭയം ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ വോട്ടെടുപ്പ് നേരത്തെയാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു.

Related posts