പാലാ: ഇതരസംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ എഎസ്‌ഐയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ബിജു സൈമണിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഗതാഗത നിയന്ത്രണത്തിനായി എത്തിയതായിരുന്നു എഎസ്‌ഐ. ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ബംഗാളി യുവാക്കള്‍ തമ്മില്‍ കശപിശ ഉണ്ടാകുകയും സംഘട്ടനത്തിന്റെ വക്കോളം എത്തുകയും ചെയ്തതോടെ എഎസ്‌ഐ ബിജു പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഇവര്‍ ഇദ്ദേഹത്തിനെതിരെ തിരിയുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
സ്റ്റാന്‍ഡിലുണ്ടായിരുന്ന നാട്ടുകാര്‍ ഒത്തുകൂടി ഇവരെ പിടികൂടുകയായിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സംഭവത്തില്‍ പ്രതികളായ ദിലീപ് എക്ക, അമിത് എക്ക, സന്ദീപ് എക്ക, സഞ്ജയ് എക്ക, ജിഫ്രാന്‍ എക്ക എന്നിവരെ കസ്റ്റഡിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പാലാ കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
മര്‍ദ്ദനമേറ്റ എഎസ്‌ഐ ബിജു സൈമണെ പാലാ ഗവ.ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ട്രാഫിക് എസ്‌ഐ വഴിയാത്രക്കാരനെ അകാരണമായി അടിക്കുകയും അത് ഫോണില്‍ പകര്‍ത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ട്രാഫിക്ക് എസ്‌ഐ ആയിരുന്ന പ്രതാപചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് പാലാ ട്രാഫിക് പോലീസിന് നാഥനില്ലാത്ത അവസ്ഥയാണ് ഇതിനിടയില്‍ ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥന് അന്യസംസ്ഥാനക്കാരായ തൊഴിലാളികളില്‍ നിന്ന് മര്‍ദ്ദനമേറ്റത്.