കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ബിജെപിയില്‍ തലപൊക്കിയിരുന്ന അസ്വാരസ്യങ്ങള്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ സങ്കീര്‍ണമായി.
പരാജയം സംബബന്ധിച്ച് നേതാക്കള്‍ക്കിടിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുണ്ടായിരിക്കുന്നത്.വ്യാപകമായ വോട്ട് ചോര്‍ച്ചയുണ്ടായതാണ് കെട്ടിവച്ച കാശു നഷ്ടപ്പെടാന്‍ കാരണമെന്നു ഒരു വിഭാഗം നേതാക്കള്‍ പറയുമ്പോള്‍. സഹതാപ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പാണെന്നാണ് മറുവിഭാഗത്തിന്റെ വാദം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ് നേടിയ 20,000 വോട്ടിന്റെ കണക്കുമായാണ് ഒരു വിഭാഗം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായി ലിജിന്ലാലിനെതിരേ തിരിഞ്ഞിരിക്കുന്നത്.
സംസ്ഥാന തലത്തില്‍ ബിജെപിക്കുണ്ടായിരുന്ന മേല്‍വിലാസം കൂടി പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ നഷ്ടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.
ഇതിനിടയില്‍ ആര്‍എസ്എസ് വോട്ടുകള്‍ മുഴുവനായും ബിജെപിക്കു ലഭിച്ചിട്ടില്ലെന്നും ആര്‍എസ്എസും ബിജെപിയുമായി നിലനില്‍ക്കുന്ന സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.