റാന്നി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ. റാന്നി വൈക്കം വിളയില്‍ ലക്ഷം വീട്ടില്‍ രാജേഷ് കുമാറി(34)നെയാണ് പത്തനംതിട്ട സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ഇയാള്‍ വീടുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയും റീലുകള്‍ പോസ്റ്റ് ചെയ്തുമാണ് രാജേഷ് കുമാര്‍ പെണ്‍കുട്ടിയെ ആകര്‍ഷിച്ചത്.
2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയം ആകുന്നത്. തുടര്‍ന്ന് ചാറ്റ് ചെയ്യുകയും പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു.
അറസ്റ്റിലായ ഇയാളുടെ ഫോണില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ചതിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.
റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി, എസ് ഐ സിബി, സിവില്‍ പാലീസ് ഉദ്യോഗസ്ഥരായ അഭിനന്ത്, ശൈലേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
