മിസ്റ്റര്‍ ഫുട്‌ബോളര്‍, നാളെ മുതല്‍ നിങ്ങള്‍ ഡാന്‍സും പാട്ടും പഠിപ്പിക്കണം! കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇഷ്ഫാക് അഹമ്മദിനെ അപമാനിച്ച് സ്കുള്‍ അധികൃതര്‍

isl 2രാജ്യത്തിനു വേണ്ടി 14 വര്‍ഷം ഫുട്‌ബോള്‍ കളിച്ച താരത്തിനോട് കുട്ടികളെ ഡാന്‍സും പാട്ടും പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാഷ്മീര്‍ താരം ഇഷ്ഫാഖ് അഹമ്മദിനാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് കായികരംഗത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 33കാരനായ ഇഷ്ഫാക്കിനെ സംസ്ഥാനത്തെ ഒരു പ്രമുഖ സ്കൂളില്‍ കായികാധ്യാപകനായി നിയമിക്കുന്നത്.

എന്നാല്‍ ഇദ്ദേഹം ഫുട്‌ബോളറായിരുന്നെന്ന കാര്യം സ്കൂള്‍ അധികൃതര്‍ അങ്ങു മറന്നു. വരാന്‍ പോകുന്ന റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളെ ഡാന്‍സു പഠിപ്പിക്കണെന്നാണ് സ്കൂള്‍ അധികൃതര്‍ ഇഷ്ഫാക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂള്‍ അധികൃതരുടെ നടപടിയില്‍ താരത്തിന് കടുത്ത അമര്‍ഷമുണ്ട്. ഒരു ഫുട്‌ബോളറായ എന്നോട് കുട്ടികളെ റൗഫ് (ഒരു തരം കാഷ്മീരി നൃത്തം) പഠിപ്പിക്കാനാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ‘ഏയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയറോട് സൈക്കിളിന്റെ ഭാഗങ്ങള്‍ യോജിപ്പിക്കാന്‍ പറയുന്നതുപോലെയാണിത്’ .ഇതൊരുതരം അപമാനിക്കലാണ് . കുട്ടികളുടെ കഴിവുകള്‍ ഇവര്‍ പരിഗണിക്കാറേയില്ല”. ഇഷ്ഫാക് പറയുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന കായിക മന്ത്രി ഇമ്രാന്‍ റാസ അന്‍സാരിയെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ചെറുപ്പക്കാരെ പരിശീലിപ്പിക്കാന്‍ പറ്റിയ മേഖലകളില്‍ എവിടെയെങ്കിലും ഇഷ്ഫാക്കിനെ പോസ്റ്റു ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നായിരുന്നു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി  ഹിലാല്‍ അഹമ്മദിന്റെ പ്രതികരണം. ഭീകരപ്രവര്‍ത്തനങ്ങളാല്‍ വര്‍ഷങ്ങളായി അസ്വസ്ഥമായിരിക്കുന്ന കാഷ്മീരി യുവതയ്ക്ക് ഇഷ്ഫാഖിന്റെ സേവനം വളരെയധികം പ്രയോജനം ചെയ്യപ്പെടുമെന്നാണ് പൊതുവെയുള്ള വിശ്വാസം.

2004 മുതല്‍ ഇന്ത്യയ്ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഇഷ്ഫാഖ്. ഒളിമ്പിക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലുള്‍പ്പെടെ അനേകം കളികളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇഷ്ഫാഖിന്റെ ആദ്യ രാജ്യന്തര ഗോളിന്റെ ബലത്തില്‍ ഇന്ത്യ തുര്‍ക്ക്‌മെനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ ക്ലബുകളിലൊന്നായ മോഹന്‍ ബഗാന്റെ നായകനായി ഇഷ്ഫാഖ് കളിച്ചത് നാലുവര്‍ഷമാണ്. ഇക്കാലയളവില്‍ പ്രശസ്തമായ നാഷണല്‍ ക്ലബ് ഓഫ് ഇന്ത്യാ കിരീടവും ക്ലബിനു നേടിക്കൊടുക്കാന്‍ ഇഷ്ഫാഖിനു കഴിഞ്ഞു. ബഗാനെക്കൂടാതെ ഡെംപോ, സാല്‍ഗോക്കര്‍, ഈസ്റ്റ് ബംഗാള്‍, മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്. സംസ്ഥാനം തനിക്ക് മാന്യമായ ജോലി തന്നിരിക്കുന്നത് യുവജനങ്ങളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇഷ്ഫാഖ് പറയുന്നു.

Related posts