കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ ‘രക്തസാക്ഷി’യാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം.
അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾത്തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേനിലപാട് തന്നെയാണ് ഇപ്പോഴും.
ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ് ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
2024 ഏപ്രില്‍ അഞ്ചിന് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തിലായിരുന്നു ഷെറിൻ മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ കുന്നോത്തുപറന്പ് മേഖലാ സമ്മേളനത്തിലാണ് ഷെറിനിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. ഈ സ്ഫോടനത്തിൽ മറ്റൊരു യുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, പാർട്ടി തള്ളിപ്പറഞ്ഞ ഷെറിന്റെ വീട് അന്ന് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു. മൂളിയത്തോട് ബോംബ് നിർമാണകേസിൽ പ്രതിയായിരുന്ന അമൽബാബുവിനെ സിപിഎം മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതും ചർച്ചയായിരുന്നു.

