മോദിയെ പുകഴ്ത്തി നല്‍കിയ ചിത്രങ്ങള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും! അത്യാധുനിക വേലിക്കെട്ടുകളുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുപോലും ഇന്ത്യയുടേതല്ലെന്ന് കണ്ടെത്തല്‍

രാജ്യാതിര്‍ത്തികളിലൂടെയുള്ള ഭീകരാക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാര്‍ തീര്‍ത്തതാണെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അത്യാധുനിക വേലിക്കെട്ടിന്റെ ചിത്രം വ്യാജം. ചിത്രം പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ വന്നത്. പിന്നാലെയാണ് പ്രചരിക്കുന്ന ചിത്രങ്ങളില്‍ മിക്കവയും മറ്റു രാജ്യങ്ങളിലേതാണെന്ന് സ്ഥിരീകരണമെത്തുന്നത്.

അത്യാധുനിക സുരക്ഷാ സംവിധാനമുള്ള രാജ്യാതിര്‍ത്തികള്‍ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ഇന്ധന വില വര്‍ധിക്കുന്നത് പ്രശ്‌നമല്ലെന്നും സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ ഒപ്പമുണ്ടെന്നും അഭിനന്ദന സന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ചിത്രങ്ങള്‍ ഇസ്രയേലിന്റേതാണെന്ന സ്ഥിരീകരണമെത്തുന്നത്. രാജ്യാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഭൂമിക്കടിയിലൂടെയും ജലത്തിനടിയിലൂടെയും സെന്‍സര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നാലു ചിത്രങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് എന്ന പേരില്‍ വന്നത്. ഇതില്‍ ഒരെണ്ണം ഇസ്രയേല്‍ ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നുള്ളതാണ്. മറ്റൊരു ചിത്രം അലാസ്‌കയില്‍ നിന്നുള്ളതാണ്. മറ്റൊരു ചിത്രം അതിര്‍ത്തിയില്‍ നിന്നുള്ളതേ അല്ല. 2013ല്‍ ഒരു ഫോട്ടോഗ്രാഫി പ്രൊജക്ടിനായി ചെയ്ത ചിത്രമാണത്.

നാലാമത്തെ ചിത്രം മാത്രമാണ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നുള്ളത്. അതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രവും. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വ്യാജചിത്രങ്ങള്‍ വിശ്വസിച്ച് നിരവധിയാളുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള നീക്കത്തിന് അഭിനന്ദനം അര്‍പ്പിച്ചത്.

Related posts