ആ നിഷ്‌കളങ്ക സ്‌നേഹത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും ആയില്ല! ഡെറക്ക് എന്ന കൊച്ചുമിടുക്കന് അഭിനന്ദനവുമായി അധ്യാപകരും കൂട്ടുകാരും

ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ താരമാണ് മിസോറാമിലെ ഒരു കൊച്ചുമിടുക്കന്‍. ഡെറക്ക് എന്ന കൊച്ചുമിടുക്കന്റെ നിഷ്‌കളങ്ക മനസിനെ അഭിനന്ദിച്ചുകൊണ്ട് പതിനായിരക്കണക്കിനാളുകളാണ് രംഗത്തെത്തിയത്.

സാങ്ക എന്നയാളാണ് കഴിഞ്ഞ ദിവസം ഡെറക്ക് എന്ന കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വാര്‍ത്ത മിസോറാം അതിര്‍ത്തിയും കടന്ന് വൈറലായതോടെ സ്‌കൂള്‍ അധികൃതരും ഡെറക്കിനെ അഭിനന്ദിച്ചിരിക്കുകയാണ്.

അറിയാതെ തന്റെ സൈക്കിളിന്റെ അടിയില്‍ പെട്ട കോഴിക്കുഞ്ഞിനെ കയ്യിലെടുത്ത് ആകെയുണ്ടായിരുന്ന 10 രൂപയുമായി ആശുപത്രിയിലെത്തിയ ഡെറക്കിന്റെ ചിത്രം അവിടുത്തെ നഴ്‌സ് ആണ് പകര്‍ത്തിയത്.

ഡെറക്കിന്റെ നിഷ്‌കളങ്കമുഖവും കുഞ്ഞുമുഖത്തെ ആശങ്കയും കുറ്റബോധവും വേദനയും കണ്ടവര്‍ ആ നന്മയെ വാഴ്ത്തി. ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറ്റേ കയ്യില്‍ പത്ത് രൂപയുമായി ആശുപത്രി അധികൃതരോട് സഹായിക്കണമെന്ന് അവന്‍ അഭ്യര്‍ത്ഥിച്ചു. നിരവധി ആളുകള്‍ ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Related posts