കോട്ടയം: നാഗമ്പടം പനയക്കഴിപ്പ് റോഡിലെ മാടക്കടയില്‍ അതിക്രമിച്ച് കയറിയ ഇതരസംസ്ഥാന തൊഴിലാളി കടയുടമ യായ വീട്ടമ്മയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്നു. നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടില്‍ രത്നമ്മയെ (63) ആക്രമിച്ചാണ് പ്രതി മാല കവര്‍ന്നത്. 
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്നമ്മ.
ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കഴുത്തില്‍ക്കിടന്ന മാലയുമായി പ്രതി രക്ഷപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ് കടയില്‍ വീണുകിടന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.

