വരനെ ആളുകള്‍ എടുത്തുയര്‍ത്തുന്നത് കണ്ട മധ്യവയസ്‌കന്‍ വധുവിനെ തനിയെ എടുത്തുയര്‍ത്തി; വരനെ വരണമാല്യം അണിയിച്ച ശേഷം നേരെ തിരിഞ്ഞ് എടുത്തുയര്‍ത്തിയ ആള്‍ക്കിട്ട് ഒന്നു പൊട്ടിച്ച് വധു; വീഡിയോ വൈറലാവുന്നു

വിവാഹമണ്ഡപങ്ങള്‍ പലപ്പോഴും തമാശയുടെ വേദി കൂടിയാണ്. വരന്റെയും വധുവിന്റെയും സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന കുസൃതികള്‍ കൊണ്ട് ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇക്കുറി കളം ചൂടാക്കിയത് വധുവിന്റെ ഒരു പ്രവൃത്തിയാണ്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി. അത്രയും ഉയരത്തില്‍ നില്‍ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തയര്‍ത്തിയത്. വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും നേരെ തിരിഞ്ഞ് എടുത്തയര്‍ത്തിയ ആളുടെ മുഖത്തു തന്നെ വധു ഒന്നു പൊട്ടിച്ചു.

വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. വധുവിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ പകച്ചുപോയ അടികിട്ടിയ വ്യക്തി വേദി വിടും മുമ്പ് ആ ദേഷ്യത്തില്‍ വധുവിന്റെ സമീപം നിന്ന പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. വീഡിയോയുടെ അടിയില്‍ വരുന്ന കമന്റുകളും ബഹുരസമാണ്.

Related posts