തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം നാളെ മടങ്ങും. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനാലാണു വിമാനം നാളെ രാവിലെ തിരികെ ബ്രിട്ടനിലേക്കു മടങ്ങുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് വിമാനം സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വിലകൂടിയ യുദ്ധ വിമാനം എഫ്-35 ആണ് തിരികെ നാളെ രാവിലെയോടെ ബ്രിട്ടനിലേക്കു മടങ്ങുന്നത്.
ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധരായ എന്‍ജിനിയര്‍മാരുടെ സംഘമാണു വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചത്. ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരികെപ്പോക്കില്‍ വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കും എയര്‍ ഇന്ത്യയ്ക്കും ലക്ഷക്കണക്കിനു രൂപ നേട്ടമായി. അദാനി കമ്പനിക്ക് വാടകയിനത്തില്‍ എട്ടുലക്ഷം രൂപയും വിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ സുക്ഷിച്ചിരുന്നതിനു വാടകയിനത്തില്‍ 75 ലക്ഷം രൂപയും ബ്രീട്ടീഷ് സേന നല്‍കേണ്ടി വരും.
കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
പസഫിക് സമുദ്രത്തിലെ സൈനിക പരിശീലനത്തിനിടെയാണു വിമാനത്തിനു സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ബ്രിട്ടീഷ് നാവിക സേനാ പടക്കപ്പലില്‍ നിന്നാണു വിമാനം പറന്നുപൊങ്ങിയത്. അന്നു മുതലുള്ള വാടകയാണ് അദാനി ആവശ്യപ്പെട്ടിരിക്കുന്നത്.