മലപ്പുറം: സ്കൂൾ കുട്ടിയെ ബസ് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട സംഭവത്തെത്തുടർന്നു കളക്ടർ നല്ലനടപ്പിനു ശിക്ഷിച്ച ബസ് കണ്ടക്ടർ ശിശുഭവനിൽ ജോലിക്കെത്തി. മഞ്ചേരി-പരപ്പനങ്ങാടി റൂട്ടിലോടുന്ന കൊരന്പയിൽ ബസിലെ കണ്ടക്ടർ സക്കീർ ആണ് തവനൂരിലെ ശിശുഭവനിലെത്തി കെയർടേക്കർ ജോലിയിൽ പ്രവേശിച്ചത്. കുട്ടികളോടു സഹാനുഭൂതിയില്ലാതെ പെരുമാറിയ സംഭവത്തെത്തുടർന്നാണ് ഇയാൾക്കു മാതൃകാപരമായ ശിക്ഷ നൽകിയത്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ പത്തു ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യാനാണ് കളക്ടറുടെ ഉത്തരവ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതിനിടയാക്കിയ സംഭവം നടന്നത്. മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിലോടുന്ന കൊരന്പയിൽ ബസിൽ യാത്ര ചെയ്ത വിദ്യാർഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് മലപ്പുറം കളക്ടറുടെ നടപടി.
വേങ്ങര കഴിഞ്ഞുള്ള സ്റ്റോപ്പിൽ ബസിറിങ്ങിയ കുട്ടി സഹോദരൻ ഇറങ്ങാനുണ്ടെന്നു വിളിച്ചുപറഞ്ഞിട്ടും ബസ് ജീവനക്കാർ ചെവിക്കൊള്ളാതെ ബസ് ഓടിച്ചുപോവുകയായിരുന്നു. ആ സമയത്ത് തിരക്കിനിടയിൽ നിന്നു കൊച്ചുകുട്ടി ബസിന്റെ ഡോറിനടുത്തെത്തിയിരുന്നു.
എന്നാൽ കുട്ടിയെ പിന്നീട് അടുത്ത സ്റ്റോപ്പിലാണ് ഇറക്കിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ മന്ത്രി കെ.ടി. ജലീൽ വിഷയം മലപ്പുറം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കളക്ടർ നടപടിയെടുത്തത്. തുടർന്നു കളക്ടറുടെ നിർദേശ പ്രകാരം ആർടിഒ അനൂപ് വർക്കി അന്വേഷണം നടത്തി ബസ് പിടിച്ചെടുക്കുകയായിരുന്നു.
തുടർന്നാണ് ബസിലെ കണ്ടക്ടർ കുട്ടികളോടു സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്കു മാതൃകാപരമായ ശിക്ഷ നൽകിയത്. ശിക്ഷാനടപടിയുടെ ഭാഗമായി കണ്ടക്ടർ ഇന്നലെ രാവിലെ ഒന്പതിനു തവനൂർ ശിശുഭവനിലെ സൂപ്രണ്ട് മുന്പാകെ റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ ഉത്തരവ് ലഭിക്കാൻ താമസിച്ചതോടെ വൈകുന്നേരം മൂന്നരയോടെയാണ് കണ്ടക്ടർ ഹാജരായത്.
ഇന്നു മുതൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലുവരെയാണ് ജോലി സമയം. ശിശുഭവൻ സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കണ്ടക്ടർക്കെതിരെയുള്ള ശിക്ഷാ നടപടി പൂർത്തിയായാകൂ. പത്തുദിവസം വരെയാണ് സമയം.
ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തു ദിവസങ്ങൾക്കു ശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു നല്ല ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും കളക്ടർ പറഞ്ഞു.