എക്‌സലന്റ് ..! ഇന്ത്യയിലെ ക്രിസ്മസ് കേക്കിന് വയസ് 133; ബാപ്പു ഉണ്ടാക്കി നല്‍കിയ കേക്ക് കഴിച്ചിട്ട് സായിപ്പു പറഞ്ഞു എക്‌സലന്റ്

knr-cakeതലശേരി: ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് 23ന് 133-ാം ജന്‍മദിനം ആഘോഷിക്കും. മലയാളിയുടെ നാവിന്‍ തുമ്പില്‍ പുതിയ രുചിക്കൂട്ട് പകര്‍ന്നു കൊണ്ട് ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് തലശേരിയില്‍ പിറന്നതിന്റെ ആഘോഷം ഇന്നു നടക്കും. 1883 ഡിസംബര്‍ 23 നാണ് അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിലെ ഫ്രാന്‍സിസ് കാര്‍ണാക്ക് ബ്രൗണ്‍ സായിപ്പിനു വേണ്ടി തലശേരിക്കാരനായ മമ്പള്ളി ബാപ്പു കേക്ക് ഉണ്ടാക്കി കൊടുത്തത്.

ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടു വന്ന കേക്കിന്റെ ഒരു കഷ്ണം ബാപ്പുവിനു സമ്മാനിച്ചു കൊണ്ടു ക്രിസ്മസ് ആഘോഷിക്കാന്‍ ഇത്തരം ഒരു വിഭവം ഉണ്ടാക്കിത്തരണമെന്നു സായ്പ് ആവശ്യപ്പെടുകയായിരുന്നു. സായ്പിന്റെ ആവശ്യം ഒരു വെല്ലുവിളിയായി ബാപ്പു ഏറ്റെടുക്കുകയും അതുവരെ താന്‍ ഉണ്ടാക്കാത്ത വിഭവം നിര്‍മിച്ചു നല്‍കുകയുമായിരുന്നു. ബാപ്പുവിന്റെ കേക്ക് രുചിച്ചു നോക്കിയ സായ്പിന്റെ ആദ്യ പ്രതികരണം എക്‌സലന്റ് എന്നായിരുന്നു. ആ കാലഘട്ടത്തില്‍ ബാപ്പുവിന്റെ മമ്പള്ളി എന്ന കടയ്ക്കു മുന്നില്‍ മദാമ്മമാരും ബട്‌ലര്‍മാരും റൊട്ടിക്കു വേണ്ടി ക്യൂ നില്‍ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നുവെന്നു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യന്‍ ക്രിസ്മസ് കേക്കിന്റെ 133-ാം വാര്‍ഷികാഘോഷം തലശേരിയില്‍ സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിനു പ്രസ് ഫോറം ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മേരിമാത ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റവ. ജി.എസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. ജോര്‍ജ്കുട്ടി തോമസ് മുഖ്യപ്രഭാഷണം നടത്തും.

Related posts