വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ കാരുണ്യത്തിന്റെ തെളിനീരുമായി ഒരു കുടുംബം! തീരുന്ന മുറയ്ക്ക് വീട്ടുകാര്‍ തന്നെ പാത്രം വീണ്ടും നിറയ്ക്കും; നന്മ പ്രവര്‍ത്തിക്ക് കയ്യടികളുമായി സോഷ്യല്‍മീഡിയ

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന് ശേഷം വരുന്ന വേനല്‍ക്കാലമാണിത്. പകലത്തെ ചൂടും ദാഹവും മലയാളികളെ വലച്ച് തുടങ്ങിയിരിക്കുന്നു. പതിവുള്ളതിനേക്കാള്‍ കൂടുതലായിരിക്കും ഇത്തവണത്തെ ചൂടും വരള്‍ച്ചയുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. പലയിടത്തെയും കിണറുകളും പുഴയും തോടുമെല്ലാം വറ്റിയും തുടങ്ങി. എന്തെങ്കിലും കാര്യത്തിനായി പുറത്തേയ്ക്കിറങ്ങുമ്പോഴാണ് ചൂടിന്റെ കാഠിന്യം മനസിലാവുന്നതും. കുപ്പിവെള്ളമൊക്കെ വാങ്ങാന്‍ ആവതില്ലാത്തവരുടെയും മടിയുള്ളവരുടെയും കാര്യമാണ് കഷ്ടം. ദാഹിച്ചു വലയുക തന്നെ ചെയ്യും.

ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കാരുണ്യത്തിന്റെ തെളിനീരുമായി ഒരു കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ വെള്ളവുമായി ഒരു കുടുംബം.

സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനു മുന്നിലാണ് വഴിയാത്രക്കാര്‍ക്കും രോഗികള്‍ക്കും ദാഹമകറ്റാന്‍ കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. വീടിനു സമീപത്തെ അത്തിമരത്തോട് ബന്ധിപ്പിച്ചാണ് ഈ കുടിവെള്ള ടാങ്ക് പ്രവര്‍ത്തിക്കുന്നത്.

ചൂടുള്ള വെള്ളമാണ് വഴിയാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വെള്ളം തീരുന്ന മുറയ്ക്ക് വീട്ടുകാര്‍ തന്നെ നിറയ്ക്കുകയും ചെയ്യും. പച്ചവെള്ളത്തിന് പോലും കണക്ക് പറയുന്ന മനുഷ്യരുള്ള ഒരു കാലത്ത് വീട്ടുകാര്‍ ചെയ്ത ഈ നന്മ പ്രവര്‍ത്തിയ്ക്ക് കയ്യടിക്കുകയാണ സോഷ്യല്‍മീഡിയ. കഴിവും സാഹചര്യവുമുള്ള ആളുകളെല്ലാം ഈ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ മനസ് കാണിച്ചാല്‍ അത് സമൂഹത്തിന് ചെയ്യുന്ന വലിയ ഉപകാരമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

Related posts