ചിരി വൈറസുമായി കാര്‍ട്ടൂണ്‍സ്‌കോപ്പ് ഏഴായിരത്തില്‍! കാര്‍ട്ടൂണ്‍സ്‌കോപ്പ് വന്ന വഴി….

ലക്കം ഏഴായിരം പിന്നിടുന്ന കാര്‍ട്ടൂണ്‍സ്‌കോപ്പ് എന്ന പംക്തി രാഷ്ടദീപിക കോട്ടയം എഡീഷനില്‍ ആദ്യമായി മുഖം കാണിച്ചത് 1992 സെപ്റ്റംബര്‍ ഒന്നിനാണ്. ആ സാഹസത്തിന് എനിക്കു ധൈര്യം തന്നത് ഈ രംഗത്തുള്ള മുന്‍ പരിചയമാണ്. 1985 ജൂണ്‍ മാസത്തില്‍ സെഡ് എം മൂഴൂര്‍ ദീപിക ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റപ്പോള്‍ മറ്റുപല വാരികകളിലുമുള്ളതു പോലെ ദീപികയ്ക്കും ഒരു ചോദ്യോത്തര പംക്തി വേണമെന്നു ശഠിച്ചു.

സ്ഥാപനത്തില്‍ നര്‍മം കൈകാര്യം ചെയ്യുന്നയാളെന്ന നിലയില്‍ സ്വാഭാവികമായും അതെന്റെ തലയിലുമായി. ‘തെറിക്കുത്തരം മുറിപ്പത്തല്‍’ എന്നപരമ്പരാഗതശൈലിയിലായിരുന്നു അക്കാലത്തെ എല്ലാ ചോദ്യോത്തരപംക്തികളും. ഞാനും അതനുകരിച്ചു.

‘മുഖാമുഖം’ എന്നായിരുന്നു പംക്തിയുടെ പേര്, സരസന്‍ എന്ന സാങ്കല്പിക നാമത്തിലാണ് ഉത്തരമെഴുത്ത്. 1986 ഡിസംബറില്‍ വാരിക മുടങ്ങും വരെ ആ ചോദ്യോത്തരപംക്തി സരസമായി മുന്നോട്ടു പോയി.

രാഷ്ട്രദീപികയിലെ കാര്‍ട്ടൂണ്‍ സ്‌കോപ്പി ലെത്തിയപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് രാജുനായര്‍ എന്ന പേരില്‍ തന്നെയാണ് മറുപടി പറയാന്‍ കച്ചമുറുക്കിയത്. ഉത്തരമെഴുത്ത് അത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല. നേരിട്ടിറങ്ങുന്നതില്‍ അല്പം റിസ്‌ക്കുണ്ട്.

കാരണം ജനം പല തരക്കാരാണ്, വ്യത്യസ്ത സ്വഭാവവും ഇഷ്ടവും ചിന്തയും നിലപാടും ഉള്ളവര്‍. അതിനാല്‍ ലോകത്തുള്ള സകല വിഷയങ്ങളും ചോദ്യങ്ങളായി മുന്നില്‍വരാം. അവയെല്ലാം മനസിലാകണമെങ്കില്‍ തന്നെ പരന്ന അറിവു വേണ്ടിവരും, എന്നാല്‍ ചോദ്യം മനസിലായാല്‍ മാത്രം പോരാ ചോദ്യകര്‍ത്താവിന്റെ മനസിലിരിപ്പും കൂടി അറിയണം. എന്നാലെ അവരെ തൃപ്തിപ്പെടുത്തുന്ന ഒരുത്തരം കാച്ചാനാവൂ!

‘ഇലയ്ക്കും മുള്ളിനും കേടില്ലാതെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം’ എന്ന പ്രകടനപത്രികയോടെയായിരുന്നു എന്റെ രംഗപ്രവേശം. പക്ഷേ ഉത്തരം ഒന്നു പാളിയാല്‍ ഇലയ്ക്കും മുള്ളിനും മാത്രമല്ല കേട്, കാര്‍ട്ടൂണിസ്റ്റിന്റെ നാരായവേരു പോലും നാട്ടുകാര്‍ പിഴുതെറിഞ്ഞെന്നു വരും.

അതുപോലെ മറുപടി എഴുതുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവയെ വിലയിരുത്തി വായനക്കാര്‍ ഉത്തരക്കാരനെ -ഇടതന്‍, വലതന്‍, വര്‍ഗീയവാദി, നായര്, നസ്രാണി, പെണ്‍കോന്തന്‍, മദ്യപാനി, സ്ത്രീവിരുദ്ധന്‍, ബുജി, ഫോര്‍ജീ, പഴഞ്ചന്‍, കിഴങ്ങന്‍…… എന്നിങ്ങനെ പലതുമായി കണക്കാക്കി ബ്രാന്‍ഡ് ചെയ്യാം. ഉത്തരവാദിത്വമുള്ള നല്ല ഉത്തരങ്ങളിലൂടെ നിരന്തരം പടവെട്ടി വേണം ‘ഞാനാ ടൈപ്പല്ല…’ എന്നു വായനക്കാരെ ബോധ്യപ്പെടുത്താന്‍. അങ്ങനെ സര്‍വ്വസമ്മതനായാലേ ഭാവി ശോഭനമാകൂ.

സത്യത്തില്‍, ഒരു ചോദ്യത്തിനും ശരിയായൊരു ഉത്തരമില്ലെന്ന അറിവാണ് എനിക്ക് ഈ രംഗത്തു തുടരാന്‍ ധൈര്യം തന്നത്. വിരുദ്ധ ചിന്താഗതിക്കാരായ ചോദ്യകര്‍ത്താക്കളെ തൃപ്തിപ്പെടുത്താന്‍ എന്റെ കൈയിലുള്ള ഏക ആയുധമാണെങ്കില്‍ നര്‍മവും.

നര്‍മപ്രയോഗം ഇന്നത്ര എളുപ്പമുള്ള ചെപ്പടിവിദ്യയല്ല. പണ്ടു സ്ത്രീകള്‍, കുട്ടികള്‍, വീട്ടുജോലിക്കാര്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ എന്നിവരെയെല്ലാം പരിഹസിക്കുന്നതും അശ്ലീലം പറയുന്നതും വലിയ തമാശയായിരുന്നു…. ഇന്നത് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാണ്. സര്‍വ്വരും തുല്യരായ, സമത്വസുന്ദരമായ ലോകം സ്വപ്നം കാണുന്നവരായ നമുക്കിനി ചിരിക്കാന്‍ ശുദ്ധഹാസ്യം തന്നെ വേണ്ടിവരും!

7000ദിവസം 26 കൊല്ലം ഇതുംകൊണ്ടു നടന്നിട്ട് എന്തു കാര്യമുണ്ടായി? ലോകം മാറിയോ? ആരെങ്കിലും നന്നായോ?? എന്നെല്ലാം ചോദിക്കുന്ന ദോഷൈകദൃക്കുകളുണ്ട്. അവരോടു പറയാനുള്ളത് ഇതു മാത്രം:

മാറ്റമുണ്ടായിട്ടുണ്ട്…ബ്രോ. ഇത്രയും വര്‍ഷം കൊണ്ട് അധികമൊന്നുമില്ലെങ്കിലും നന്നായ ഒരാളെ എനിക്കറിയാം. സ്‌കോപ്പ് തുടങ്ങുന്നകാലത്ത് അസൂയയും കുശുമ്പും ചില്ലറ തരികിടയുമായി നടന്നൊരാള്‍ ഇന്ന് വളരെ ഡീസന്റായിട്ടുണ്ട്.

ആരെയും ഉപദ്രവിക്കരുത്, അനീതികള്‍ പാടില്ല, അക്രമം അരുത്, പീഡനം വേണ്ടേ വേണ്ട എന്നെല്ലാം നിരന്തരം ഉത്തരം എഴുതി ഞാനിപ്പോള്‍ നന്നായി. എനിക്കിപ്പോള്‍ അസൂയയില്ല, കുശുമ്പില്ല, ആരോടും പകയില്ല. ലോകം മുഴുവനും ഐശ്വര്യം വരട്ടെയെന്ന് എന്നും പ്രാര്‍ത്ഥിക്കുന്ന ഞാനിപ്പോള്‍ സത്യമായിട്ടും സല്‍സ്വഭാവിയാണ്. തനി തങ്കപ്പന്‍!

മറ്റൊരാളെ ക്കൂടി നന്നാക്കാനാകും എന്ന ശുഭപ്രതീക്ഷയുമായി ഇനി 8000 ത്തിലേക്ക് മന്ദംമന്ദം നടക്കട്ടെ….

സ്‌നേഹപൂര്‍വ്വം രാജുനായര്‍

Related posts