വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന സർക്കാർ സ്തംഭനം അവസാനിപ്പിക്കാനായി ഭരണപക്ഷ റിപ്പബ്ലിക്കന്മാരും പ്രതിപക്ഷ ഡെമോക്രാറ്റുകളും തമ്മിൽ ധാരണ. ഇതിനുള്ള ബിൽ സെനറ്റിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഇരു പാർട്ടികളും ഒരാഴ്ച നടത്തിയ ഊർജിത ചർച്ചയ്ക്കൊടുവിൽ എട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണു പ്രശ്നപരിഹാരത്തിനു വഴിയൊരുക്കിയത്. ഭരണ-പ്രതിപക്ഷ തർക്കത്തിൽ ധനവിനിയോഗ ബിൽ പാസാകാത്തതുമൂലം ഒക്ടോബർ ഒന്നിനു നിലവിൽ വന്ന സർക്കാർ സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ലക്ഷക്കണക്കിനു ഫെഡറൽ ജീവനക്കാർ അവധിയിൽ പ്രവേശിക്കുകയോ, ശന്പളമില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാവുകയോ ആണ്. ജീവനക്കാരുടെ അഭാവത്താൽ ദിവസം നൂറുകണക്കിന് വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ട ഗതികേടുവരെ അമേരിക്കയ്ക്കുണ്ടായി. അവധിയിൽ വിട്ട ജീവനക്കാർക്കു ശന്പളം നല്കാനും പ്രധാന സർക്കാർ പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കാനുമാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വ്യവസായപ്രമുഖർ, തൊഴിലാളി യൂണിയനുകൾ, സംസ്ഥാന ഗവർണർമാർ എന്നിവരിൽനിന്നുള്ള സമ്മർദം മൂലമാണ് എട്ട്…
Read MoreCategory: NRI
അസിം മുനീർ പാക്കിസ്ഥാന്റെ സംയുക്ത സേനാ മേധാവിയാകും
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജുഡീഷൽ, സൈനിക സംവിധാനങ്ങൾ പൊളിച്ചെഴുതുന്ന 27-ാം ഭരണഘടനാ ഭേദഗതി പാർലമെന്റിലെ സെനറ്റ് സഭ ഇന്നലെ പാസാക്കി. ഇതോടെ കരസേനാ മേധാവി അസിം മുനീർ സംയുക്ത സേനാ മേധാവിയായി ഉയരും. ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്ന പുതിയ തസ്തികയിലായിരിക്കും അസിം മുനീറിനു നിയമനം ലഭിക്കുക. കര, നാവിക, വ്യോമ സേനകൾ തസ്തികയ്ക്കു കീഴിലായിരിക്കും. അണ്വായുധങ്ങൾ കൈകാര്യം ചെയ്യുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേധാവിയെ നിയമിക്കാനുള്ള അധികാരവും മുനീറിനുണ്ടാകും. മേയിൽ ഇന്ത്യയുമായുണ്ടായ നാലു ദിവസത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിലെ പുതിയ നീക്കങ്ങളെന്ന് പറയുന്നു. പാക്കിസ്ഥാനിൽ ഭരണഘടനാ കോടതി രൂപവത്കരിക്കാനും ഭേദഗതിയിൽ നിർദേശമുണ്ട്.
Read Moreഇറക്കുമതിചുങ്കം; യുഎസ് ജനതയ്ക്ക് 2000 ഡോളർവച്ച് ഡിവിഡന്റ് പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: വാണിജ്യപങ്കാളികൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിലൂടെ സർക്കാരിനു ലഭിച്ച വരുമാനത്തിൽനിന്ന് 2000 ഡോളർവച്ച് യോഗ്യതയുള്ള ഓരോ അമേരിക്കക്കാരനും ലാഭവിഹിതം നല്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം. നികുതിയിളവുകൾ പോലുള്ള ആനുകൂല്യങ്ങളായിട്ടായിരിക്കും ജനങ്ങൾക്കു തുക ലഭിക്കുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പിന്നീട് സൂചിപ്പിച്ചു. ചുങ്കത്തെ എതിർക്കുന്നവർ വിഡ്ഢികളാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പരിഹസിച്ചു. തന്റെ വാണിജ്യനയങ്ങൾ മൂലം ലക്ഷം കോടി കണക്കിനു ഡോളറാണ് അമേരിക്കയ്ക്കു ലഭിക്കുന്നത്. അമേരിക്കയുടെ 37 ലക്ഷം കോടി ഡോളർ വരുന്ന പൊതുകടം വീട്ടാൻ ഇതു സഹായിക്കും. ചുങ്കങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അമേരിക്ക മൂന്നാംലോക രാജ്യമായി മാറിയേനെ. ഉയർന്ന വരുമാനക്കാർ ഒഴികെയുള്ള എല്ലാ അമേരിക്കക്കാർക്കും 2000 ഡോളർ വച്ച് ഡിവിഡന്റ് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅഭയാർഥി ബോട്ട് മുങ്ങി 7 മരണം; നിരവധിപ്പേരെ കാണാതായി
ക്വാലാലംപുർ: മ്യാൻമറിൽനിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മലേഷ്യയ്ക്കു സമീപം മുങ്ങി സ്ത്രീ ഉൾപ്പെടെ ഏഴുപേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ രോഹിംഗ്യകൾ അടക്കമുള്ളവരാണു ബോട്ടിലുണ്ടായിരുന്നത്. മ്യാൻമറിൽനിന്നു പുറപ്പെട്ട ബോട്ടിൽ മൂന്നൂറു പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മലേഷ്യയിലെ ലാംഗ്കാവി ദ്വീപിനു സമീപം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബോട്ട് മുങ്ങിയെന്നാണു സൂചന. ഈ വർഷം ഇതുവരെ ഏകദേശം 5,200 റോഹിംഗ്യൻ അഭയാർഥികൾ കുടിയേറ്റത്തിനായി കടൽ യാത്രകൾ നടത്തിയിട്ടുണ്ടെന്നും 600ലേറെപ്പേരെ കാണാതാവുകയോ, മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
Read Moreഫിലിപ്പീൻസിൽ വീണ്ടും കൊടുങ്കാറ്റ്: പത്തു ലക്ഷം പേരെ ഒഴിപ്പിച്ചു
മനില: ഒരാഴ്ചയ്ക്കുശേഷം ഫിലിപ്പീൻസ് വീണ്ടും കൊടുങ്കാറ്റ് ഭീഷണിയിൽ. ഫുംഗ്-വോംഗ് എന്നു പേരുള്ള സൂപ്പർ കൊടുങ്കാറ്റ് ഇന്നലെ രാജ്യത്ത് നാശം വിതച്ചുതുടങ്ങി. ഫുംഗ്-വോംഗിന്റെ സഞ്ചാരപാതയിലുള്ള പത്തു ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി. ഈ വർഷം ഫിലിപ്പീൻസ് നേരിടുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരിക്കും ഇതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ പകുതിഭാഗത്തും വലിയ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് കിഴക്കൻ ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് വീശിത്തുടങ്ങി. അതിനു മുന്പേതന്നെ മേഖലയിൽ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. ഒരാഴ്ച മുന്പ് വീശിയ കൽമയേഗി കൊടുങ്കാറ്റ് വിതച്ച നാശത്തിൽനിന്ന് ഫിലിപ്പീൻസ് മുക്തമായിട്ടില്ല. 224 പേരാണ് ഫിലിപ്പീൻസിൽ മരിച്ചത്. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ മുഴുവൻ പട്ടണങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Moreഒഹായിയോ ഗവർണർ തെരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമിയെ പിന്തുണച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായിയോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ മലയാളി വംശജൻ വിവേക് രാമസ്വാമിയെ പിന്തുണയ്ക്കുന്നതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. മുപ്പത്തിയെട്ടുകാരനായ രാമസ്വാമി കരുത്തുറ്റ യുവാവും നല്ലൊരു രാജ്യസ്നേഹിയുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ഒഹായിയോ സംസ്ഥാനത്തെ കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ക്രമസമാധാന നില ഉറപ്പാക്കാനും അദ്ദേഹത്തിനു കഴിയുമെന്നും കൂട്ടിച്ചേർത്തു. അടുത്ത വർഷം നവംബറിലാണ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികൾ മേയിൽ ആരംഭിക്കും. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മൈക് ഡിവൈൻ ആണ് ഗവർണർ. രാമസ്വാമി കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു.
Read Moreഡിഎൻഎ ഘടന കണ്ടുപിടിച്ച ജയിംസ് വാട്സൺ അന്തരിച്ചു
ന്യൂയോർക്ക്: ഡിഎൻഎയുടെ ‘ഇരട്ടപ്പിരിയൻ ഗോവണി ഘടന’ കണ്ടെത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ 97-ാം വയസിൽ അന്തരിച്ചു. 1869ൽ ഡിഎൻഎ കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കിലും അതിന്റെ ഘടന ശാസ്ത്രലോകത്തിനു ദുരൂഹമായിരുന്നു. വാട്സണും ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കും ചേർന്നു നടത്തിയ ഗവേഷണങ്ങളാണ് 1953ൽ ഡിഎൻഎ ഘടന കണ്ടെത്താൻ സഹായിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ ഇതിന്റെ പേരിൽ ഇരുവരും ന്യൂസിലൻഡിൽ ജനിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ മൗറീസ് വിൽകിൻസും 1962ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കുവച്ചു. അതേസമയം, വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങൾ ആവർത്തിച്ചു നടത്തിയ വാട്സണെ ശാസ്ത്രലോകം പിന്നീട് ഒറ്റപ്പെടുത്തുകയുണ്ടായി. ഇതേത്തുടർന്ന് വാട്സൺ 2014ൽ തന്റെ നൊബേൽ മെഡൽ വില്പനയ്ക്കു വച്ചു. 48 ലക്ഷം ഡോളറിന് മെഡൽ വാങ്ങിയ റഷ്യൻ ശതകോടീശ്വരൻ വാട്സണുതന്നെ അതു തിരികെ നൽകി.
Read Moreമാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഇവർ ജോലി ചെയ്യുന്ന കന്പനിയും സുരക്ഷാവൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണു സംഭവം. വൈദ്യുതിപദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെ തോക്കുധാരികളായ ഒരുസംഘം ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെത്തുടർന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നിലവിൽ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് മാലി. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളും ഇവരുമായി ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളും രാജ്യത്തു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. തുടർച്ചയായ അക്രമങ്ങളും സംഘർഷങ്ങളും മൂലം ദരിദ്രരാജ്യമായ മാലിയിൽ ഇപ്പോൾ വൻപ്രതിസന്ധിയാണുള്ളത്. 2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്.…
Read Moreബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ
സോൾ: ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു. മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ്…
Read Moreലെയോ മാർപാപ്പയുമായി പലസ്തീൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കെ അവിടുത്തെ ജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെയും സംഘർഷം ശാശ്വതമായി അവസാനിപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പലസ്തീൻ പ്രസിഡന്റും ലെയോ മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയ പള്ളിയിലെത്തിയ അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കുകയും ചെയ്തു. 2015 മുതൽ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന വത്തിക്കാൻ, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിന്റെയും, ഇസ്രയേലിന്റെ സുരക്ഷയും പലസ്തീൻ ജനതയുടെ അന്തസും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21ന് പ്രസിഡന്റ് അബ്ബാസ് ലെയോ മാർപാപ്പയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗാസ മുനമ്പിലെ സംഘർഷവും വെസ്റ്റ് ബാങ്കിലെ അക്രമവുമായിരുന്നു ഈ സംഭാഷണത്തിലെ പ്രധാന വിഷയം. 2024 ഡിസംബർ…
Read More