സോഷ്യല്‍മീഡിയകളിലെ ചതിക്കുഴികളില്‍ വീഴരുത്! ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സെലിബ്രിറ്റികളുടെ പേരിലും; ഫഹദ് ഫാസിലിന്റെയും ഉണ്ണി മുകുന്ദന്റെയും അനുഭവങ്ങള്‍ ഉദാഹരണം

7iii76തട്ടിപ്പുകള്‍ ഏതുവിധേനയും വരാവുന്ന കാലമാണിത്. സെലിബ്രിറ്റികള്‍ പോലും ഇന്ന് വമ്പന്‍ തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് സംവിധായകന്‍ ഫാസിലിന്റെ മകനും നടനുമായ ഫഹദ് ഫാസിലിന്റെ പേരില്‍ നടന്ന തട്ടിപ്പ്. ഫഹദ് ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്മാരെയും നടിമാരെയും ആവശ്യമുണ്ടെന്ന രീതിയിലുള്ള പരസ്യമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ തട്ടിപ്പിനെ നിയമപരമായി തന്നെ ഫഹദും പിതാവും നേരിട്ടു. സമാനമായ രീതിയിലുളള തട്ടിപ്പാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ നടന്നുവരുന്നത്. ഒരു മാസികയ്ക്ക് നല്‍കി അഭിമുഖത്തില്‍ ഇതേക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നതിങ്ങനെ..

ഒരുദിവസം അച്ഛനൊരു കോള്‍ വന്നു ‘സര്‍, എന്റെ ഭാര്യയുമായി നിങ്ങളുടെ മകന്‍ പ്രണയത്തിലാണ്. ഗള്‍ഫില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അവളുമായി ബന്ധം പുലര്‍ത്തി. അവളിപ്പോള്‍ ഗര്‍ഭിണിയായി. ഭര്‍ത്താവെന്ന നിലയില്‍ പലവട്ടം വിലക്കി. എറണാകുളത്ത് അവളുമായി നടക്കുന്നതറിഞ്ഞ് അവനെ ഭീഷണിപ്പെടുത്തുന്നതിന് ഞാന്‍ ഗുണ്ടയെ വിട്ടു. പക്ഷേ, 30,000 രൂപ നല്‍കി അവന്‍ ഗുണ്ടയെ ഒതുക്കി’. അച്ഛന്‍ തകര്‍ന്നുപോയി. ഞാന്‍ ഇതില്‍ വീണുപോയോയെന്ന ശങ്ക അച്ഛനുണ്ടായിരുന്നു. അത്രയ്ക്ക് വിശ്വസിപ്പിക്കുംവിധം തെളിവുകളും വിളിച്ചയാള്‍ കൊടുത്തിരുന്നു. എറണാകുളത്തെ ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്ന ചിത്രം. അയാളുടെ ഭാര്യയുമായി ഫേസ്ബുക്കിലൂടെ നടത്തിയ അശ്ലീല ചാറ്റിങ്ങിന്റെ പട്ടിക. ഞാന്‍ ധൈര്യത്തോടെ നിന്നു. അച്ഛന്‍ അയാളോട് കേസുകൊടുക്കാന്‍ പറഞ്ഞു.

അപ്പോള്‍ അയാള്‍ ഗള്‍ഫില്‍നിന്നുള്ള നെറ്റ്‌കോള്‍വഴി വിളിച്ചിട്ട് പറഞ്ഞു, ‘ഉണ്ണി ഭാവിയുള്ള നടനല്ലേ. അവിവാഹിതനല്ലേ. അവന്റെ കരിയര്‍ നശിപ്പിക്കണോ. നമുക്കിത് ഒത്തുതീര്‍പ്പാക്കിക്കൂടേ’. പണം നല്‍കി ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. താനൊരു ഭര്‍ത്താവല്ലേ, പോയി കേസുകൊടുക്കെടോയെന്ന് ഞാനും പറഞ്ഞു. പിന്നെ വിളിച്ചിട്ടില്ല. മൂവായിരത്തിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളാണ് എന്റെ പേരുപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥത്തിലുള്ളതിനുപുറമേ സ്വകാര്യാവശ്യത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നുപറഞ്ഞാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നത്. സോഫ്‌റ്റ്വെയര്‍ വിദഗ്ധരെവച്ച് മൂവായിരത്തോളം അക്കൗണ്ടുകള്‍ നീക്കംചെയ്തു. പക്ഷേ, ഇപ്പോഴും നിര്‍ബാധം വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ഥനടനാണ് മറുതലയ്ക്കല്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധികമാര്‍ ഇത്തരം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ചാറ്റിങ്ങിനിറങ്ങുന്നത്. പലരും പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കുമാണ് ചാറ്റ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ ഏവരും സ്വയം മുന്‍കരുതലുകളെടുക്കണം. ഉണ്ണിമുകുന്ദന്‍ പറയുന്നു.

Related posts