മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്രബജറ്റ് ഇന്ന്! ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള ബജറ്റ് ഏറെ നിര്‍ണ്ണായകം; പൊതുബജറ്റെത്തുന്നത് നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടി. നടപ്പാക്കിയതിനുശേഷമുള്ള ആദ്യ ബജറ്റ്കൂടിയാകും ഇത്. പൊതുതെരഞ്ഞെടുപ്പിനും എട്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള ബജറ്റ് ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏറെ നിര്‍ണായകമാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേരിട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയെ തുണയ്ക്കുന്ന ബജറ്റാകും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കുക എന്നാണ് സൂചന. ചെറുകിട വ്യവസായികളായിരുന്നു ബി.ജെ.പി. വോട്ട് ബാങ്കിനെ സ്വാധീനിച്ചിരുന്ന ഒരു ഘടകം. ചരക്കുസേവന നികുതിയും നോട്ടുനിരോധനവും ഈ രംഗത്തു തിരിച്ചടിക്കു വഴിവച്ചു. ഈ സാഹചര്യത്തില്‍ ഇവരെ സുഖിപ്പിക്കുന്ന നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

ഒരുവശത്ത് സാമ്പത്തിക നിയന്ത്രണം പാലിക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ മറുവശത്ത് കാര്‍ഷികരംഗത്തെ മാന്ദ്യം അകറ്റലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും സാമ്പത്തികവളര്‍ച്ചാ ഇടിവുമൊക്കെ സര്‍ക്കാരിനു കീറാമുട്ടിയാകും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എട്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ഭരണത്തിലുള്ള മൂന്നു വലിയ സംസ്ഥാനങ്ങളുമുണ്ട്. ഇവിടെയൊക്കെ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തണമെങ്കില്‍ പുതിയ ഗ്രാമവികസന പദ്ധതികളടക്കം അനുവദിക്കേണ്ടിവരും.

ആദായനികുതി ഇളവു പരിധി ഉയര്‍ത്തി സാധാരണക്കാരെ കൈയിലെടുക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്നാണു പ്രതീക്ഷ. ഒപ്പം, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും ഹൈവേ, റെയില്‍വേ നവീകരണത്തിനുമൊക്കെ കുടുതല്‍ തുക അനുവദിക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍, പദ്ധതികള്‍ കൂട്ടുന്നതിനൊപ്പം ധനക്കമ്മി കുറച്ചുകൊണ്ടുവരികയെന്നതാണ് ജെയ്റ്റ്ലിക്കും കേന്ദ്രത്തിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇനി കണ്ടറിയാം..

 

Related posts