ആപ്പ് നിരോധനം 2.0 ! നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; പബ്ജി ഉള്‍പ്പെടെ 275 ആപ്പുകള്‍ നിരീക്ഷണത്തില്‍…

ചൈനയുമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണു നടപടി.

നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. ഇവയ്ക്കു പുറമേ കൂടുതല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ അലിഎക്‌സ്പ്രസ്,ഗെയിം ആപ്പായ ലൂഡോ വേള്‍ഡ് ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമേ ചൈനീസ് ബന്ധമുള്ള ആപ്പുകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ആപ്പുകള്‍ ഏതെങ്കിലും വിധത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചില ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫെസ്യു, സിലി, റെസ്സോ, യൂ ലൈക്ക്, ചൈനീസ് ടെക് ഭീമന്‍മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട്.

ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വികസിപ്പിച്ചതെങ്കിലും ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ടെന്‍സെന്റിന്റെ പിന്തുണ പബ്ജിക്കുണ്ട്. ചൈനീസ് ആപ്പുകള്‍ക്കൊപ്പം ചൈനീസ് ബന്ധമുള്ള ആപ്പുകളും നേരത്തെ തന്നെ കേന്ദ്ര നിരീക്ഷണത്തിലാണ്.

രാജ്യസുരക്ഷയ്ക്കാകമാനം വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.

Related posts

Leave a Comment