തൃശൂരില്‍ ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി ലഭിച്ച കമ്പനിയെക്കുറിച്ച് ആര്‍ക്കും കാര്യമായി ഒന്നുമറിയില്ല; ശ്രീ ചക്രയുടെ പിന്നില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനോ ?

തൃശൂര്‍: ഡിസ്റ്റിലറി വിവാദം കത്തിപ്പടരുന്നതിനിടെ തൃശൂരില്‍ ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി ലഭിച്ച കമ്പനിയുടെ വിശദാംശങ്ങളറിയാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു. ഡിസ്റ്റിലറി തുടങ്ങുന്നത് ജില്ലയില്‍ എവിടെയാണെന്നോ മറ്റു വിശദാംശങ്ങളോ അറിയില്ലെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രതികരിച്ചു. പെരുമ്പാവൂര്‍ ആസ്ഥാനമായ ശ്രീചക്ര ഡിസ്റ്റിലറീസാണ് തൃശൂര്‍ ജില്ലയില്‍ വിദേശമദ്യ നിര്‍മാണ കേന്ദ്രം തുടങ്ങാന്‍ അനുമതി സ്വന്തമാക്കിയത്. കമ്പനിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് ജൂലൈ പന്ത്രണ്ടിനാണ്. പക്ഷേ, അനുമതി ലഭിച്ച കമ്പനി ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടില്ല.

തുടങ്ങുന്ന സ്ഥലം, കെട്ടിടം, ജലത്തിന്റെ ലഭ്യത തുടങ്ങി നിരവധി വിവരങ്ങള്‍ സഹിതമാണ് അടുത്ത ഘട്ടത്തില്‍ അപേക്ഷിക്കേണ്ടത്. എന്നാല്‍, ഇതുവരെയും വിവരങ്ങള്‍ കമ്പനി സമര്‍പ്പിച്ചിട്ടില്ലെന്നു തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.കെ. നാരായണന്‍കുട്ടി പറഞ്ഞു. കമ്പനിക്കു ലൈസന്‍സിനുള്ള തുടര്‍നടപടിക്രമങ്ങള്‍ നിയമപരമായി പൂര്‍ത്തിയാക്കണമെന്നാണ് എക്സൈസ് കമ്മിഷണറേറ്റില്‍നിന്നുള്ള നിര്‍ദേശം. വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നോട്ടീസ് നല്‍കി ഉടനെ വിളിപ്പിക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നീക്കം.

ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശമദ്യത്തിന്റെ കോംപൗണ്ടിംഗ്‌, ബ്ലെന്‍ഡിങ് ആന്‍ഡ് ബോയിലിംഗ് യൂണിറ്റ് തുടങ്ങാന്‍ തൃശൂര്‍ ജില്ലയില്‍ എവിടെയാണ് അനുമതി നല്‍കിയതെന്നും ആ സ്ഥലത്തിന്റെ സര്‍വെ നമ്പര്‍ വെളിപ്പെടുത്തണമെന്നും ശ്രീചക്രയുടെ അപേക്ഷയില്‍ എക്സൈസ് കമ്മിഷണര്‍ക്കും തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിവാദ വ്യവസായി രാധാകൃഷ്ണനാണ് ശ്രീചക്രം ഡിസ്റ്റിലറിയുടെ ഉടമസ്ഥനെന്നാണ് സൂചനകള്‍. മലബാര്‍ സിമെന്റ്സുമായി ബന്ധപ്പെട്ട് 38 ഓളം അഴിമതിക്കേസുകളാണ് വിജിലന്‍സ് ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. 23 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Related posts