ജന്മദിനത്തില്‍ കേക്ക് ഹോംഡെലിവറി! പ്രസാദമായി കൊടുക്കുന്നത് ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച് തുടങ്ങിയവ; ഫാസ്റ്റ് ഫുഡ് പ്രസാദവുമായി ചെന്നൈയിലെ ക്ഷേത്രം ശ്രദ്ധയാകര്‍ഷിക്കുന്നു

southlive_2017-03_98848323-ea0e-4e99-ac0a-abbbd8546641_prasadam-at-a-little-temple-in-Padappaiപൊതുവേ അമ്പലത്തില്‍ പോകാന്‍ മടിക്കുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ചെന്നൈ പടപ്പയിലെ ജയദുര്‍ഗ പീതം ക്ഷേത്രത്തില്‍ പോകാന്‍ വലിയ താത്പര്യമാണ്. സാധാരണ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ കൊടുക്കുന്നതുപോലെ പുളി ചേര്‍ത്ത ചോറല്ല ഇവിടെ പ്രസാദമായി കൊടുക്കുന്നത്. പകരം ബര്‍ഗറും ഡെസേര്‍ട്ടും സാന്‍ഡ് വിച്ചും സാലഡുമൊക്കെയാണ് നല്‍കുന്നത്. ഭക്തര്‍ക്ക് ഫാസ്റ്റ് ഫുഡ് പ്രസാദമൊരുക്കുകയാണ് ഈ ക്ഷേത്രം.

പ്രസാദമായി കൊടുക്കുന്ന ഭക്ഷണം പാകം ചെയ്ത തീയതിയും കാലാവധിയും ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ സ്റ്റിക്കറും മോഡേണ്‍ പ്രസാദത്തില്‍ ഉണ്ടായിരിക്കും. പ്രസാദം നല്‍കുന്നതും ആധുനികരീതിയില്‍ തന്നെയാണ്. ഭക്തര്‍ ആദ്യം ബര്‍ഗര്‍ പ്രസാദമാണോ സാന്‍വിച്ച് പ്രസാദമാണോ വേണ്ടതെന്ന് തീരുമാനിച്ച് വെന്‍ഡിങ് മെഷീനില്‍ നിന്ന് ടോക്കണ്‍ എടുക്കണം. ക്ഷേത്രകലവറയിലെ യന്ത്രം പ്രസാദം പെട്ടിയിലാക്കി നല്‍കും. ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും പ്രസാദങ്ങളില്‍ താല്‍പര്യം കുറഞ്ഞതാണ് പുതിയരീതിക്ക് കാരണം. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം ജന്മദിനക്കേക്ക് പ്രസാദം അവതരിപ്പിച്ചിരുന്നു.

ക്ഷേത്രത്തിലെ കംപ്യൂട്ടറൈസ് ചെയ്ത രജിസ്റ്ററില്‍ ഭക്തരുടെ ജന്മദിനവും വിലാസവും ഉണ്ട്. പിറന്നാള്‍ ആഘോഷിക്കുന്ന ഭക്തരുടെ വീട്ടില്‍ കേക്ക് ‘ഡോര്‍ ഡെലിവറി’ ആയെത്തും. മുതിര്‍ന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സന്തോഷം എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. പേരെഴുതി പൂക്കളും ഐസിങ്ങുമായെത്തുമ്പോള്‍ അവര്‍ അമ്പരന്നു പോകും. ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്നത് കൊണ്ട് അതിലേറെ സന്തോഷമാണെന്നും ജയദുര്‍ഗ പീതം ക്ഷേത്രഭാരവാഹികള്‍ പറയുന്നു. പ്രസാദത്തിന്റെ സ്റ്റൈല്‍ മാറിയതോടെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ശുദ്ധമായ മനസോടെ ശുദ്ധമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്ന എന്തും പ്രസാദമായി നല്‍കാമെന്നും പരമ്പരാഗതമായി കൊടുത്തു വരുന്നവ മാത്രമെ പ്രസാദമായി കൊടുക്കാവു എന്നില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related posts