”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു; നട്ടെല്ലിനൊപ്പം അവര്‍ തകര്‍ത്തു കളഞ്ഞത് എന്റെ വിവാഹമോഹങ്ങളാണ്; എസ്എഫ്‌ഐ പണ്ട് തന്നോട് ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്

ഇന്ന് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ ഒരു കാലത്ത് ഇഎംഎസ് വിശേഷിപ്പിച്ചത് മോഹമുക്തനായ കോണ്‍ഗ്രസുകാരനെന്നായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനെ അല്ലാതെങ്ങനെ വിശേഷിപ്പിക്കാന്‍. തന്റെ ജീവിതം തകര്‍ത്തവരാണ് എസ്എഫ്‌ഐക്കാരെന്നു തുറന്നു പറയുകയാണ് ചെറിയാന്‍ ഫിലിപ്പ്… ”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു, നട്ടെല്ല് പൊട്ടി. ഇന്നും നടക്കാന്‍ വയ്യ”വീഴ്ചയില്‍ നട്ടെല്ലു തകര്‍ന്നപ്പോള്‍ തകര്‍ന്നത് തന്റെ വിവാഹസ്വപ്‌നങ്ങള്‍ കൂടിയാണെന്ന് 65കാരനായ ചെറിയാന്‍ പറയുന്നു.

കാലം 1972, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നു. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കെ.എസ്.യു. നേതാവുമായ ചെറിയാന്‍ ഫിലിപ്പ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം.പിന്നെ നടന്നതിനെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് പറയുന്നതിങ്ങനെ… ”പെട്ടെന്നു നാലഞ്ചുപേര്‍ എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാംനിലയില്‍നിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്.എഫ്.ഐക്കാര്‍ കാട്ടിക്കൊടുത്തതിനേത്തുടര്‍ന്ന് പാളയം ചന്തയില്‍നിന്നു വന്ന സി.ഐ.ടി.യുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയില്‍ നട്ടെല്ല് പൊട്ടി.

ഇടതുകാല്‍ ശോഷിച്ചു, നടക്കാന്‍ വയ്യ, കുനിയാന്‍ വയ്യ. കെ.എസ്.യുവിന്റെ പ്രഭാവകാലമായിരുന്നു. എസ്.എഫ്.ഐക്ക് ആള്‍ബലം കുറവ്. അതുകൊണ്ട് അവര്‍ സി.ഐ.ടി.യു. ഗുണ്ടകളെ വിളിച്ചുവരുത്തി. കേസ് പിന്നീടു തേച്ചുമാച്ചുകളഞ്ഞു. ജി. സുധാകരനായിരുന്നു അന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി. ആശുപത്രികളില്‍ മാറിമാറിക്കിടന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ചികിത്സാച്ചെലവ് ഏറ്റെടുത്തു. ഇപ്പോള്‍ ദാ, ശാന്തിഗിരിയില്‍നിന്നു ചികിത്സ കഴിഞ്ഞതേയുള്ളൂ. 47 വര്‍ഷമായി ഞാന്‍ രോഗിയാണ്. വലിച്ചെറിഞ്ഞവരെ മറന്നെങ്കിലും കാട്ടിക്കൊടുത്തവരെ ഇന്നുമറിയാം”.

അടുത്തവര്‍ഷവും ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചു. വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. 1973-ല്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. യൂണിവേഴ്സിറ്റി കോളജില്‍ പി.ജി. വിദ്യാര്‍ഥിയായിരിക്കേ 1975-ല്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരിക്കേ, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടിവിട്ടു. ഇപ്പോള്‍ മോഹമുക്തനായ ആ കോണ്‍ഗ്രസുകാരന്‍ ഇടതുസഹയാത്രികന്‍. എന്നിരുന്നാലും കാലം ഇത്രയും കഴിഞ്ഞിട്ടും എസ്എഫ്‌ഐയുടെ ചിന്താഗതിയ്ക്ക് മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് യൂണിവേഴ്‌സിറ്റി കോളജിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍…

Related posts