പരിയാരം പോലീസ് സ്റ്റേഷനിൽ സിനിമാ ഷൂട്ടിംഗ്, നടനോടൊപ്പം സെൽഫിഎടുക്കുന്ന തിരക്കിൽ പോലീസുകാർ; പരാതിക്കാർ വലഞ്ഞു; ഒടുവിൽ സിനിമാ സ്റ്റെലിൽ….
പരിയാരം: പോലീസ് സ്റ്റേഷൻ സിനിമാ ഷൂട്ടിംഗിന് വിട്ട് നൽകിയതോടെ സ്റ്റേഷനിൽ പരാതിയുമായി എത്തിയവർ വലഞ്ഞു. പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനാണ് ഇന്നലെ രാവിലെ മുതൽ ഷൂട്ടിംഗ് സംഘം കൈയടക്കിയത്. ഷൂട്ടിംഗ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷനും പരിസരങ്ങളും നിറഞ്ഞതോടെ പരാതിക്കാർക്ക് അകത്തേക്കു പോയിട്ട് സ്റ്റേഷൻ പരിസരത്തു പോലും കടക്കാൻ പറ്റാതായി.
പോലീസുകാർ പലരും നടൻ ജയസൂര്യയുമൊത്ത് സെൽഫിയെടുക്കാനുള്ള ആവേശത്തിലായതോടെ സ്റ്റേഷൻ മൊത്തത്തിൽ കുത്തഴിഞ്ഞ അവസ്ഥയിലായി. പരാതിയുമായും മറ്റാവശ്യങ്ങൾക്കും സ്റ്റേഷനിലെത്തിയവരെ സിനിമാ ഷൂട്ടിംഗുകാർ തടഞ്ഞതോടെ പലരും സിഐ കെ.വി.ബാബുവിനെ ഫോണിൽ ബന്ധപ്പെട്ടു. ജില്ലാ പോലീസ് മേധാവി വിളിച്ചുചേർത്ത ഒരു അടിയന്തിര യോഗത്തിലായതിനാൽ അദ്ദേഹം സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല.
വിവരമറിഞ്ഞ ഉടൻ സ്റ്റേഷനുമായി ബന്ധപ്പെട്ട അദ്ദേഹം പരാതിക്കാരെ തടയരുതെന്ന് നിർദേശം നൽകി. ഇത് സിനിമയുമായി ബന്ധപ്പെട്ടവർ തന്നെ അനൗൺസ് ചെയ്തതോടെയാണു പരാതിക്കാർക്ക് സ്റ്റേഷനിലേക്ക് പ്രവേശനം ലഭിച്ചത്.
ഉച്ചക്ക് ശേഷം സി ഐ കെ.വി.ബാബു സ്ഥലത്തെത്തിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്.