കണ്ണൂർ: കൂത്തുപറന്പിൽ അഞ്ചു ഡിവൈഎഫ്ഐക്കാരുടെ മരണത്തിനിടയായതിനും പുഷ്പൻ എന്ന യുവാവ് വർഷങ്ങളോളം ശയ്യാവലംബിയായി തുടരേണ്ടി വന്നതിനും നിരവധി പേർക്ക് പരിക്കു പറ്റിയതിനും ഉത്തരവാദി ഡിജിപി രവാഡ ചന്ദ്രശേഖറല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എം.വി. ജയരാജൻ. ദേശാഭിമാനി പത്രത്തിൽ “ഡിജിപി നിയമനവും വിവാദങ്ങളുടെ വസ്തുതകളും’ എന്ന ലേഖനത്തിലാണ് എം.വി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
കൂത്തുപറന്പിൽ വെടിവയ്ക്കാൻ ഉത്തരവിട്ടത് ഡപ്യൂട്ടി കളക്ടറായ ടി.ടി. ആന്റണിയും നടപ്പാക്കിയതു ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണെന്ന് കൂത്തുപറന്പ് വെടിവയ്പുകേസ് അന്വേഷിച്ച പദ്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെയുള്ളവ പരാമർശിച്ചാണു ജയരാജന്റെ ലേഖനം. അന്നത്തെ മന്ത്രിയായിരുന്ന എം.വി. രാഘവൻ, ഹക്കിം ബത്തേരി, ടി.ടി.ആന്റണി എന്നിവരാണു വെടിവയ്പ്പിന് ഉത്തരവാദികളെന്നു ലേഖനത്തിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്നു പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ടെന്നും വെടിവയ്പ്പിന്റെ രണ്ടുദിവസംമുന്പ് എഎസ്പിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖറിന് എം.വി. രാഘവനെ നേരത്തെ പരിചയമില്ലെന്നും കൂത്തുപറന്പിന്റെ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ അറിയില്ലായിരുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പദ്മനാഭൻ കമ്മീഷന്റെ റിപ്പോർട്ടിൽ രവാഡ ചന്ദ്രശേഖരനു പങ്കില്ലെന്നു വ്യക്തമാക്കിയതിനൊപ്പം മറ്റൊരു കേസിൽ സുപ്രീം കോടതിയും രവാഡ ചന്ദ്രശേഖരൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു.ചട്ടവും മാനദണ്ഡവും സുപ്രീംകോടതി വിധിയും പാലിച്ചാണ് രവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിച്ചത്.
കേരള കേഡറിലുള്ള മുതിർന്ന അഞ്ചുപേരുടെ പട്ടിക പരിഗണനയ്ക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകുകയും യുപിഎസ്സി നിയോഗിച്ച അഞ്ചംഗ കമ്മീഷൻ സ്ക്രൂട്ടണി നടത്തി മൂന്നു പേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാരിനു നൽകുകയുമായിരുന്നു. അതിൽ നിന്നാണ് ഡിജിപി നിയമനം നടത്തിയത്.
എല്ലാത്തിനെയും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഇതും വിവാദമാക്കാനാണു ശ്രമിക്കുന്നത്. ഈ നിയമനം മാത്രം വിവാദമാക്കുന്നതിന്റെ പിന്നിലെ ചേതോവികാരം ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം മാത്രമാണെന്നും വസ്തുക ഇതൊക്കയായതിനാൽ ഡിജിപി നിയമനം വിവാദമാക്കുന്നവരുടെ അപവാദപ്രചാരണങ്ങൾ ജനം തള്ളിക്കളയുമെന്നും ലേഖനത്തിൽ എം.വി. ജയരാജൻ പറയുന്നു.
- നിശാന്ത് ഘോഷ്