സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും തങ്ങാന്‍ അനുവദിക്കില്ല! മുറികളെടുക്കുമ്പോള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ അനുവദിക്കില്ല; സുരക്ഷയ്ക്കായി 5000 പോലീസുകാര്‍; കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കൊപ്പം പ്രശ്നമുണ്ടാക്കുന്ന പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ പോലീസ് നിയന്ത്രണം. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

ഒരു തീര്‍ത്ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. മുറികളെടുക്കുമ്പോള്‍ ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കും. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടും.

കൂടാതെ തീര്‍ഥാടകരുടെ തിരക്കും അനധികൃത വരവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും. മണ്ഡലകാലത്തു ശബരിമലയില്‍ സുരക്ഷാജോലിക്കായി 5000 പോലീസുകാരെ നിയമിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ റാപിഡ് ആക്ഷന്‍ ഫോഴ്സിനേയും എന്‍.ഡി.ആര്‍.എഫിനെയും നിയോഗിക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും ഇതര സംസ്ഥാനങ്ങളിലെ സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനും കൂടുതല്‍ പോലീസിനെ നല്‍കാന്‍ മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും യുവതികളെ തടഞ്ഞതിലും പ്രതികളായ മുഴുവനാളുകളെയും അറസ്റ്റ് ചെയ്യാനും ഡി.ജി.പി നിര്‍ദേശിച്ചു. 146 കേസുകളിലായി എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്.

Related posts